Connect with us

National

പീഡനക്കേസ് പ്രതിയെ വധിച്ച സംഭവം: പ്രതിഷേധം അസാമിലേക്കും

Published

|

Last Updated

കൊഹിമ: പീഡനക്കേസ് പ്രതിയെ നാഗാലാന്‍ഡിലെ ദിമാപൂരില്‍ ജയില്‍ ആക്രമിച്ച് ജനക്കൂട്ടം തല്ലിക്കൊന്നതിനെ തുടര്‍ന്ന് മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥക്ക് അറുതിയായില്ല. പോലീസ് കര്‍ശന ജാഗ്രത പുലര്‍ത്തുന്നുണ്ട്. കൂടുതല്‍ പൊലീസിനെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. അതിനിടെ, കൊല്ലപ്പെട്ട യുവാവ് അസമില്‍ നിന്നുള്ള വ്യാപാരി ആയതിനാല്‍ പ്രതിഷേധം അസമിലേക്ക് പടരുന്നുണ്ട്. അസമില്‍ നിന്ന് നാഗാ മേഖലയിലേക്ക് വരുന്ന ട്രക്കുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.
സംഭവത്തില്‍ ദിമാപൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍, സീനിയര്‍ എസ് പി, ജയില്‍ സൂപ്രണ്ട് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അതേസമയം, സംഭവത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ നാഗാലാന്‍ഡ് സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി.
നാഗാലാന്‍ഡിലെ വാണിജ്യ കേന്ദ്രമായ ദിമാപൂരില്‍ ബലാത്സംഗക്കേസിലെ പ്രതിയെ വ്യാഴാഴ്ചയാണ് രോഷാകുലരായ ജനക്കൂട്ടം സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറക്കി നഗരപ്രദക്ഷിണം നടത്തിച്ച ശേഷം തല്ലിക്കൊന്ന് ക്ലോക്ക് ടവറില്‍ കെട്ടിത്തൂക്കിയത്.
ജനക്കൂട്ടം അക്രമാസക്തരായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ പരുക്കേറ്റ യുവാവ് പിന്നീട് ആശുപത്രിയില്‍ മരിച്ചിരുന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്നലെയും തുടര്‍ന്നു. തടിച്ചുകൂടിയ ജനങ്ങള്‍ ജയില്‍ തകര്‍ത്താണ് പ്രതിയെ പിടികൂടിയത്. ഇയാളെ വിവസ്ത്രനാക്കി നഗരത്തില്‍ പ്രദര്‍ശിപ്പിച്ച ശേഷം തല്ലിക്കൊല്ലുകയായിരുന്നു. സംഭവം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. നഗരത്തില്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയതാണ്പ്രതിയെന്നാരോപിച്ചായിരുന്നു ആക്രമണം. പത്തൊമ്പത് വയസ്സുള്ള ഗോത്ര വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ച കേസില്‍ ഫെബ്രുവരി 24നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. അതിനിടെ നാഗാലന്‍ഡിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അയല്‍ സംസ്ഥാനമായ അസാമിലും ജാഗ്രതാ നിര്‍ദേശം നല്‍കി. സുരക്ഷ ശക്തമാക്കാനും പൊലീസിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

Latest