പ്രശാന്ത് ഭൂഷണ്‍ ആഗ്രഹിച്ചത് പാര്‍ട്ടിയുടെ തോല്‍വി: അഞ്ജലി ദമാനിയ

Posted on: March 8, 2015 10:26 am | Last updated: March 9, 2015 at 9:38 am
SHARE

anjaliന്യൂഡല്‍ഹി: ആം ആദ്മിയിലെ കലഹം രൂക്ഷമാകുന്നതിനിടയില്‍ കെജ്‌രിവാളിനെ പിന്തുണച്ച് പാര്‍ട്ടിയുടെ പ്രമുഖ വനിതാ നേതാവ് അഞ്ജലി ദമാനിയ. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ തോല്‍വിയായിരുന്നു പ്രശാന്ത് ഭൂഷണ്‍ ആഗ്രഹിച്ചിരുന്നതെന്ന് അഞ്ജലി ദമാനിയ പറഞ്ഞു. സഹപ്രവര്‍ത്തകന്‍ പ്രശാന്ത് ഭൂഷണ്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് വേണ്ടിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ചേര്‍ന്ന് യോഗങ്ങളില്‍ കലഹങ്ങള്‍ സൃഷ്ടിക്കാറുണ്ട്. കെജ്‌രിവാള്‍ കണ്ണുനീര്‍ വീഴ്ത്തുന്ന തരത്തിലുള്ള സന്ദര്‍ഭങ്ങള്‍വരെ പാര്‍ട്ടി യോഗങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും അതിനെല്ലാം താന്‍ സാക്ഷിയാണെന്നും ദമാനിയ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പ്രശാന്ത് ഭൂഷണ്‍ പങ്കാളിയായിരുന്നില്ല. ഡല്‍ഹിയിലെ വിജയം പാര്‍ട്ടിക്ക് അത്യാവശ്യമാണെന്ന് പറഞ്ഞ് താന്‍ അദ്ദേഹത്തെ കണ്ടിരുന്നു. പാര്‍ട്ടി തോല്‍ക്കുമെന്നാണ് തന്നോട് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞെതെന്നും ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അവര്‍ വ്യക്തമാക്കി.