ജി കാര്‍ത്തികേയന്‍ അന്തരിച്ചു

Posted on: March 8, 2015 12:08 am | Last updated: March 9, 2015 at 9:38 am
SHARE

g karthikeyan

തിരുവനന്തപുരം: നിയമസഭാ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജി കാര്‍ത്തികേയന്‍ (66) അന്തരിച്ചു. ബെംഗളുരുവിലെ എച്ച് സി ജി ആശുപത്രിയില്‍ ഇന്നലെ രാവിലെ 10.20 ഓടെയായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി ഇവിടെ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ഒരാഴ്ചയായി ഓങ്കോളജി വിഭാഗം ഐ സി യുവിലെ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാവിലെയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. അവയവങ്ങളുടെ പ്രവര്‍ത്തനം നിലക്കുകയും ശരീരം മരുന്നുകളോട് പ്രതികരിക്കാതാകുകയും ചെയ്തു. ബെംഗളുരുവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ച മൃതദേഹം, വിലാപയാത്രയായി ഔദ്യോഗിക വസതിയായ നിയമസഭാ വളപ്പിലെ നീതിയില്‍ കൊണ്ടുവന്നു. വിവിധ ഇടങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഇന്ന് വൈകുന്നേരം 6.30ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും. ഭാര്യ ഡോ. സുലേഖയും മക്കളായ അനന്തപത്മനാഭനും ശബരീനാഥനും മരണ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നു.

ദീര്‍ഘനാളായി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസങ്ങളിലാണ് മോശമായത്. അടുത്തിടെ യു എസിലെ മയോ ക്ലിനിക്കിലും ചികിത്സ നടത്തിയിരുന്നു. ഹൃദയസ്തംഭനവും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതുമാണ് മരണകാരണമെന്ന് എച്ച് സി ജി ആശുപത്രിയിലെ റേഡിയേഷന്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റ് ഡോ. പി എസ് ശ്രീധര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ രക്തസമ്മര്‍ദം അപകടകരമായ നിലയിലേക്കു താഴ്ന്നിരുന്നു. എച്ച് സി ജി ആശുപത്രിയില്‍ നേരത്തെ ഒരു മണിക്കൂര്‍ നീണ്ട ‘സൈബര്‍ നൈഫ് റോബോട്ടിക് റേഡിയോ സര്‍ജറി’ക്കും കരള്‍ ഡയാലിസിസിനും വിധേയനാക്കിയിരുന്നു.
മരണ വിവരം അറിഞ്ഞതോടെ മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും വി ഡി സതീശന്‍, എം എം ഹസന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ബെംഗളരുവിലെ ആശുപത്രിയിലെത്തി. അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ വൈകുന്നേരം അഞ്ച് മണിയോടെയാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിസഭയിലെ പ്രമുഖരും ജനപ്രതിനിധികളും വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. ഔദ്യോഗിക വസതിയിലും ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖരെത്തി.
ഇന്ന് രാവിലെ ഒമ്പത് മണിക്ക് നിയമസഭാ മന്ദിരത്തിലെ മെംബേഴ്‌സ് ലോഞ്ചില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന്, പത്ത് മണിയോടെ പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഭവനിലും പതിനൊന്ന് മണിക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചക്ക് 1.30 മുതല്‍ 2.30 വരെ കാര്‍ത്തികേയന്റെ മണ്ഡലത്തിലെ ആര്യനാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും തുടര്‍ന്ന് വൈകുന്നേരം 4.30 മുതല്‍ ആറ് വരെ സ്വന്തം വസതിയായ ശാസ്തമംഗലത്തെ അഭയയിലും പൊതുദര്‍ശനം. തുടര്‍ന്ന് 6.30ഓടെയാണ് സംസ്‌കാരം.
പരേതനായ എന്‍ പി ഗോപാലപിള്ളയുടെയും വനജാക്ഷി അമ്മയുടെയും മകനായി 1949 ജനുവരി ഇരുപതിന് വര്‍ക്കലയിലാണ് ജനനം. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനകാലത്ത് കെ എസ് യുവിന്റെ യൂനിറ്റ് പ്രസിഡന്റ് മുതല്‍ സംസ്ഥാന പ്രസിഡന്റ് വരെ വിവിധ പദവികള്‍ വഹിച്ചു. കേരള സര്‍വകലാശാല യൂനിയന്‍ ജനറല്‍ സെക്രട്ടറിയും കേരള സര്‍വകലാശാല സെനറ്റിലെ വിദ്യാര്‍ഥി പ്രതിനിധിയുമായിരുന്നു. യൂത്ത് കോണ്‍ഗ്രസിലും കോണ്‍ഗ്രസിലും വിവിധ പദവികള്‍ വഹിച്ചു. തിരുവനന്തപുരം നോര്‍ത്ത്, ആര്യനാട്, അരുവിക്കര മണ്ഡലങ്ങളില്‍ നിന്ന് പലവട്ടം നിയമസഭയിലെത്തി. രണ്ട് തവണ സംസ്ഥാന മന്ത്രിസഭാംഗമായിരുന്നു. നിയമസഭയില്‍ പാര്‍ട്ടിയുടെ ചീഫ് വിപ്പായും പ്രതിപക്ഷ ഉപനേതാവായും പ്രവര്‍ത്തിച്ചു.