Connect with us

International

ഇറാഖിലെ പുരാതന നഗരം ഹത്‌റക്ക് നേരെയും ഇസില്‍ ആക്രമണം

Published

|

Last Updated

ബഗ്ദാദ്: ഇറാഖിലെ പുരാതന നഗരമായ ഹത്‌റയിലെ ചരിത്രസ്മാരകങ്ങള്‍ക്ക് നേരെയും ഇസില്‍ തീവ്രവാദികള്‍ കൈയേറ്റം നടത്തി. ഇവിടെയുണ്ടായിരുന്ന പുരാതനമായ പല ശില്‍പ്പങ്ങളും തീവ്രവാദികള്‍ തകര്‍ത്തതായി ടൂറിസം മന്ത്രാലയം വെബ്‌സൈറ്റില്‍ വെളിപ്പെടുത്തി. ഇവിടെ നിന്ന് വിലപിടിച്ച വസ്തുക്കള്‍ ഇവര്‍ കൊള്ളയടിച്ചുകൊണ്ടുപോയതായും വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു. മൊസൂളിനടുത്തായാണ് ഹത്‌റ പുരാതന നഗരം സ്ഥിതി ചെയ്യുന്നത്. അടുത്തിടെ ഇസില്‍ നശിപ്പിക്കുന്ന മൂന്നാമത്തെ ചരിത്ര നഗരമാണ് ഇത്. ബി സി രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ നിര്‍മിക്കപ്പെട്ടതാണെന്ന് കരുതുന്ന ഈ നഗരം, റോമന്‍ അധിനിവേശങ്ങളെയും അതിജിയിച്ചിരുന്നു. ടവറുകളും ശക്തമായ ചുമരുകളുമാണ് ഈ പുരാതന നഗരത്തിന്റെ പ്രത്യേകത.
കഴിഞ്ഞ വ്യാഴാഴ്ച, തീവ്രവാദികള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ചരിത്രപ്രസിദ്ധമായ അസീറിയന്‍ നഗരമായ നിംറുദ് നശിപ്പിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഏഴാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന മൊസുളിലെ നിനേവയിലുള്ള കല്‍പ്രതിമയും തച്ചുടച്ചിരുന്നു. ഇറാഖ് സൈന്യം ഇസില്‍ തീവ്രവാദികള്‍ക്കെതിരെ ശക്തമായ മുന്നേറ്റം നടത്തുന്നതിനിടെയാണ് ചരിത്ര സ്മാരകങ്ങള്‍ ആക്രമിക്കപ്പെടുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

Latest