Connect with us

Palakkad

ചക്കയില്‍ നിന്ന് മൂന്നുറോളം വിഭവങ്ങളുമായി ഉറവ്‌

Published

|

Last Updated

പാലക്കാട്: കടുത്ത വേനല്‍ ചൂടില്‍ ചക്ക ഐസ്‌ക്രീം നുണഞ്ഞ് മനസും ശരീരവും തണുപ്പിക്കാം. ചക്ക സദ്യയുണ്ട് ഗൃഹാതുരത്വത്തിന്റെ രുചിക്കൂട്ടറിയാം.
ജില്ലാ വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ വ്യവസായ കേന്ദ്രത്തിലാണ് ചക്കയില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളുടെ പിറവി. ജില്ലാ വ്യവസായ കേന്ദ്രവും വയനാട് ഉറവ് സംഘടനയും ചേര്‍ന്നാണ് തിരഞ്ഞെടുത്തവര്‍ക്ക് 20 ദിവസം നീണ്ടു നില്‍ക്കുന്ന ചക്ക ഉല്‍പ്പന്നങ്ങളുടെ പരിശീലനം സംഘടിപ്പിച്ചത്. പരിശീലനത്തിന്റെ അഞ്ചാം ദിവസം വ്യവസായ കേന്ദ്രത്തില്‍ ചക്ക വിഭവങ്ങളുടെ സദ്യ തന്നെ ഒരുക്കി നാവില്‍ രുചിയുടെ മേളം തീര്‍ക്കുകയായിരുന്നു.
ചക്ക കൊണ്ട് സാമ്പാറും, അവിയലും തോരനും, ചമ്മന്തിപ്പൊടിയും, രസവും, പായസവും ചക്ക കുരുകൊണ്ട് അച്ചാറും, ചക്ക ശര്‍ക്കരവരട്ടി എന്നു തുടങ്ങി ഒരു സദ്യക്കു വേണ്ട രുചി ഭേദങ്ങളുടെ കലവറയായിരുന്നു വ്യവസായ വകുപ്പില്‍ ഒരുക്കിയ ചക്ക സദ്യ. ചക്ക കൊണ്ട് സൂഷ്മ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനിയും പരിശീലത്തില്‍ പങ്കെടുക്കാമെന്ന് വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ കെ എന്‍ കൃഷ്ണകുമാര്‍ പറഞ്ഞു.
പരിശീലനത്തിന് ശേഷം ഇവര്‍ക്ക് വ്യവസായ വകുപ്പില്‍ നിന്നും ലോണ്‍സൗകര്യവും നല്‍കും. സംരംഭം തുടങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് സബ്‌സിഡിയും അനുവദിക്കും. ചക്കയില്‍ നിന്നും മുന്നൂറോളം ഉല്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ഉറവ് സംഘാടകര്‍ പറയുന്നു. ഐസ്‌ക്രീം, പുഡിംഗ്, ജാം, മുറുക്ക്, ചക്കകുരു ചോക്ലേറ്റ്, ചക്കജാമുന്‍, ഐസ്‌ക്രീം, പുഡിംഗ്, ജാം, മുറുക്ക്, ചക്കകുരു ചോക്ലേറ്റ്, ചക്കജാമുന്‍, ചക്കവരട്ടി, ചക്കഅവലോസുപൊടി, ചക്ക ജെല്ലി, ചക്കസിപ്പപ്പ്, ജ്യൂസ് തുടങ്ങി എല്ലാം തയ്യാറാക്കുന്നു. നാട്ടുവഴികളിലും ഗ്രാമങ്ങളിലും വെറുതെ വീണുപോകുന്ന ചക്കകളില്‍ നിന്നും ഏറെ പണമുണ്ടാക്കാവുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാം. പരിശീലനത്തിന് വയനാട് ഉറവ് സംഘടനയുടെ സി.ഡി സുനീഷ്, പത്മിനി ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി.