ചേറ്റുവ ഹൈവേയില്‍ അപകടക്കെണി: അധികൃതര്‍ക്കെതിരെ പരാതി നല്‍കി

Posted on: March 7, 2015 2:52 pm | Last updated: March 7, 2015 at 2:52 pm
SHARE

ചാവക്കാട്: എറണാകുളം ഹൈവേയില്‍ ചേറ്റുവ പാലത്തിലെ ടോള്‍ നിറുത്തിയതിനെ തുടര്‍ന്ന് ടോള്‍ പ്ലാസ ബില്‍ഡിംഗ് പൊളിച്ച റോഡിന്റെ നടുഭാഗത്ത് ടാര്‍ ചെയ്യാതെ അപകടകരമായ രീതിയില്‍ കല്ലുകളും, കട്ടകളും നിരന്നു കിടക്കുന്നതിനാല്‍ അപകടം പതിവാകുന്നുവെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവര്‍ത്തകനായ രഞ്ജിത്ത് വെണ്ണക്കല്‍, അഡ്വ. സുജിത്ത് അയിനിപ്പുള്ളി മുഖാന്തിരം ചാവക്കാട് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയില്‍ പരാതി നല്‍കി. സമീപത്തെ റോഡ് റിപ്പയറിംഗും, ടാറിംഗും അടുത്തിടെ നടത്തിയെങ്കിലും അപകടം പതിവാകുന്ന റോഡിന്റെ നടുഭാഗം റിപ്പയറിംഗും, ടാറിംഗും നടത്താന്‍ ശ്രമിച്ചില്ല എന്ന കാരണം കാണിച്ചാണ് നാഷ്‌നല്‍ ഹൈവേ സബ് ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ക്കെതിരെ രഞ്ജിത്ത് പരാതി നല്‍കിയത്. അപകട മേഖലയില്‍ റിപ്പയറിംഗും, ടാറിംഗും നടത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഗൗനിച്ചില്ല. നിര്‍മാണ ഘട്ടത്തില്‍ നാട്ടുകാരുടെ വ്യാപക പ്രതിഷേധത്തിനു ഇത് വഴിവെച്ചിരുന്നു. ചേറ്റുവയില്‍ അപകടം വര്‍ധിച്ചതോടെയാണ് രജ്ഞിത്ത് പരാതിക്കൊരുങ്ങിയത്. ലീഗല്‍ സര്‍വീസ് കമ്മിറ്റി പരാതിയുടെ അടിസ്ഥാനത്തില്‍ അതോറിറ്റി ജീവനക്കാരോട് വിചാരണക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.