സാമുദായിക ധ്രുവീകരണത്തിനെതിരെ സി പി എം കല്ലാച്ചിയില്‍ ബഹുജന റാലി നടത്തും

Posted on: March 7, 2015 2:51 pm | Last updated: March 7, 2015 at 2:51 pm
SHARE

വടകര: തുണേരിയില്‍ സി പി എം പ്രവര്‍ത്തകന്‍ സി കെ ഷിബിന്റെ കൊലപാതകവും തുടര്‍ന്നുണ്ടായ സംഭവങ്ങളുടെയും മറവില്‍ സാമുദായിക ധ്രുവീകരണം നടത്താനുള്ള ചില സംഘടനകളുടെ ശ്രമത്തിനെതിരെ ഒമ്പതിന് കല്ലാച്ചിയില്‍ ബഹുജനറാലി നടത്തുമെന്ന് സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഷിബിന്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, ഗൂഢാലോചനാ പങ്കാളികളെ കണ്ടെത്തുക, തുടര്‍ന്നുള്ള അക്രമസംഭവങ്ങളിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗ തീരുമാനം പോലീസ് ലംഘിക്കുകയാണ്. അക്രമ സംഭവങ്ങളിലെ യഥാര്‍ഥ പ്രതികളെ പിടികൂടാതെ നിരപരാധികളെയാണ് പോലീസ് വേട്ടയാടുന്നത്. അക്രമത്തെ സി പി എം ന്യായീകരിക്കുന്നില്ല. അക്രമ സംഭവങ്ങളില്‍ പാര്‍ട്ടിക്ക് ബന്ധമില്ല. തീവ്രവാദ സംഘടനകള്‍ വലിയ തോതില്‍ സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ഇത് വളരെ ഗൗരവത്തോടെ കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വര്‍ഷങ്ങളോളം സമാധാനം നിലനിന്നിരുന്ന പ്രദേശത്ത് ഷിബിന്റെ കൊലപാതകത്തോടെ ഏകപക്ഷീയമായി പ്രകോപനമുണ്ടാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുസ്‌ലിം ലീഗിനാണെന്നും മോഹന്‍ മാസ്റ്റര്‍ ആരോപിച്ചു.
ഒമ്പതിന് വൈകിട്ട് മൂന്ന് മണിക്ക് കല്ലാച്ചിയില്‍ നടക്കുന്ന റാലി സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പി വി ദക്ഷിണമൂര്‍ത്തി, എളമരം കരീം പ്രസംഗിക്കും. നാദാപുരം ഏരിയാ സെക്രട്ടറി സി എച്ച് ബാലകൃഷ്ണനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.