Connect with us

Kozhikode

വൈദ്യുതി മുടക്കം കാരണം ട്രഷറി സ്തംഭിച്ചു; പെന്‍ഷന്‍കാര്‍ ദുരിതത്തിലായി

Published

|

Last Updated

വടകര: ടൗണില്‍ വൈദ്യുതി വിതരണം നിലച്ചതോടെ വടകര സബ് ട്രഷറിയുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായി. ഇന്നലെ കാലത്ത് പത്ത് മണിക്ക് ട്രഷറി പ്രവര്‍ത്തനം ആരംഭിക്കുന്നത്തിനു മുമ്പ് തന്നെ വൈദ്യുതി ഇല്ലായിരുന്നെങ്കിലും ഉടന്‍ വരുമെന്ന ധാരണയില്‍ പെന്‍ഷന്‍ വിതരണത്തിനായി രേഖകള്‍ വാങ്ങിവെക്കുകയും പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. എന്നാല്‍ ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ഇവിടെയുള്ള കമ്പ്യൂട്ടറുകളെല്ലാം നിശ്ചലമായി. കെ എസ് ഇ ബി യുമായി ബന്ധപ്പെട്ടപ്പോള്‍ കോണ്‍വെന്റ് റോഡിലെ വൈദ്യുതി പോസ്റ്റ് മാറ്റി ലൈന്‍ വലിച്ച ശേഷമേ വിതരണം ആരംഭിക്കൂ എന്നാണറിഞ്ഞത്. തുടര്‍ന്ന് ഇടപാടിനെത്തിയവരെ തിരിച്ചയക്കുകയായിരുന്നു.
മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ ഈ ട്രഷറിയില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പെന്‍ഷന്‍കാര്‍, പെന്‍ഷന്‍ വാങ്ങാനായി എത്തിച്ചേരും. ശമ്പളം വാങ്ങാനെത്തുന്ന ഉദേ്യാഗസ്ഥരുടെ തിരക്കും ഈ ദിവസങ്ങളില്‍ ഏറെയാണ്. മറ്റു സര്‍ക്കാര്‍ പണമിടപാടുകള്‍ക്കെത്തുന്നവരും ധാരാളം. ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി നിലച്ചതോടെ രാവിലെ വന്നു ക്യൂവില്‍ ഇടം പിടിച്ച നൂറുകണക്കിന് വൃദ്ധജനങ്ങള്‍ പെന്‍ഷന്‍ കിട്ടാതെ മടങ്ങുകയായിരുന്നു.
പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിച്ച ട്രഷറിയാണ് വടകരയിലേത്. മിക്ക ദിവസങ്ങളിലും വൈദ്യുതി മുടക്കം ഇവിടെ പതിവാണെന്ന് ട്രഷറി ഓഫീസര്‍ കെ ടി ഷൈലജ പറഞ്ഞു. ഒരു ജനറേറ്റര്‍ സ്ഥാപിച്ചു കിട്ടിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിട്ടില്ല.
നിന്ന് തിരിയാന്‍ ഇടമില്ലാത്ത ട്രഷറി കെട്ടിടം സൗകര്യപ്രദമായി പുതുക്കിപ്പണിയണമെന്നത് വിവിധ സംഘടനകള്‍ നിരന്തരം ഉന്നയിക്കുന്ന ആവശ്യമാണ്. ബ്രിട്ടീഷ് ഭരണ കാലത്തുള്ള ഈ കെട്ടിടത്തില്‍ തന്നെയാണ് വടകര താലൂക്ക് ഓഫീസും പ്രവര്‍ത്തിക്കുന്നത്.

---- facebook comment plugin here -----

Latest