Connect with us

Malappuram

വേനല്‍ മഴ: മലയോര മേഖലയില്‍ വ്യാപക നാശം

Published

|

Last Updated

എടക്കര: വേനല്‍ മഴക്കൊപ്പം ആഞ്ഞുവീശിയ കാറ്റില്‍ മലയോര മേഖലയില്‍ വ്യാപകനാശം. മൂന്ന് വീടുകള്‍ പൂര്‍ണമായും പതിനഞ്ച് വീടുകള്‍ ഭാഗികമായും തകര്‍ന്നു. നാടുകാണി ചുരത്തില്‍ മൂന്നിടങ്ങളിലായി റോഡിന് കുറുകെ മരങ്ങള്‍ വീണ് രണ്ട് മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. നിരവധി കാര്‍ഷിക വിളകള്‍ നിലംപതിച്ചു.
ലൈനിന് കുറുകെ മരങ്ങള്‍ പൊട്ടിവീണ് തൂണുകള്‍ തകര്‍ന്നതിനാല്‍ മിക്ക പ്രദേശങ്ങളിലെയും വൈദ്യുതി ബന്ധം തകരാറിലായി. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് ശക്തമായ കാറ്റും മഴയുമെത്തിയത്. വഴിക്കടവ്, പുന്നക്കല്‍, വെള്ളക്കട്ട, പോത്തുകല്‍, പാതാര്‍, മുരുകാഞ്ഞിരം, മലാംകുണ്ട്, പൂളപ്പാടം പ്രദേശങ്ങളിലാണ് വ്യാപകനാശം സംഭവിച്ചത്. പോത്തുകല്‍ വില്ലേജിലെ ചെന്തിട്ട സുധന്‍, റോസമ്മ മേലേക്കാട്ട്, എളപ്പുങ്ങല്‍ മാത്തുക്കുട്ടി എന്നിവരുടെ വീടുകളാണ് മരങ്ങള്‍ വീണ് പൂര്‍ണമായും തകര്‍ന്നത്.
വഴിക്കടവ് പുന്നക്കലെ മഠത്തിക്കുന്നന്‍ അസ്മാബി, എരഞ്ഞിക്കല്‍ ആമിന, നിറംകുഴി ഖാസിം, ഞാറപ്പിലാന്‍ അബ്ദുന്നാസര്‍, പാറലി അബ്ബാസ്, ഉറവില്‍ മൊയ്തീന്‍കുട്ടി, പോത്തുകല്‍ പൂളപ്പാടത്തെ സണ്ണി മറ്റത്തില്‍, ഭാസുരന്‍ പുഞ്ഞിനാട്ട്, ശരീഫ് നൂനിക്കല്‍ എന്നിവരുള്‍പ്പെടെ പതിനഞ്ചോളം പേരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു.
പോത്തുകല്‍ പാതാറിലെ ജോസഫ് കണ്ണംകല്ലേല്‍, അബ്ദു, ബിജു ചിറക്കപ്പറമ്പില്‍, ശരീഫ് നൂനിക്കല്‍, വഴിക്കടവ് പുന്നക്കല്‍ പല്ലനോട്ടില്‍ സുഭദ്ര, പരിയാരത്ത് പത്മനാഭന്‍, കൂവറമ്പന്‍ ഉമ്മര്‍ എന്നിവരുള്‍പ്പെടെ നൂറില്‍പരം ആളുകളുടെ നിരവധി റബര്‍, വാഴ, തെങ്ങ്, കമുക് എന്നിവയാണ് കാറ്റില്‍ നശിച്ചത്. എടക്കര, വഴിക്കടവ്, മൂത്തേടം, പോത്തുകല്‍, ചുങ്കത്തറ, കുറുമ്പലങ്ങോട്, മരുത പ്രദേശങ്ങളിലും കാറ്റ് നാശം വിതച്ചിട്ടുണ്ട്. നാടുകാണി ചുരത്തില്‍ മൂന്നിടങ്ങളിലായി മരങ്ങള്‍ റോഡിലേക്ക് വീണ് രണ്ട് മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു.
വഴിക്കടവ് പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പലയിടങ്ങളിലും ലൈനില്‍ മരങ്ങള്‍ വീണ് മുടങ്ങിയ വൈദ്യുതി രാത്രിയോടെയാണ് പുന: സ്ഥാപിച്ചത

Latest