Connect with us

Kerala

വിടവാങ്ങിയത് പൊതു ജീവിതത്തിലെ മാതൃകാ പുരുഷന്‍

Published

|

Last Updated

തിരുവനന്തപുരം: ജി കാര്‍ത്തികേയന്റെ നിര്യാണത്തോടെ കേരളത്തിന് നഷ്ടമാകുന്നത് പൊതു ജീവിതത്തിലെ മാതൃകാപുരുഷനെയാണ്. തന്റെ രാഷ്ട്രീയജീവിതത്തിലൂടെ രാഷ്ട്രീയത്തിലെ ആദര്‍ശമാതൃക എന്താണെന്നു കേരളത്തെ പഠിപ്പിച്ച നേതാവുകൂടിയായിരുന്നു ജി കാര്‍ത്തികേയന്‍. മന്ത്രിയായിരിക്കുമ്പോഴും സ്പീക്കറായിരുന്നപ്പോഴും മികച്ച പ്രവര്‍ത്തനം നടത്താന്‍ കാര്‍ത്തികേയനു കഴിഞ്ഞു. കുറഞ്ഞകാലം മാത്രം സ്പീക്കറായി സഭയിലെത്താന്‍ കഴിഞ്ഞുള്ളൂവെങ്കിലും കേരളത്തിലെ തലയെടുപ്പുള്ള സ്പീക്കര്‍മാരില്‍ ഒരാളായി കാര്‍ത്തികേയന്‍ മാറി.

നിലവില്‍ പതിമൂന്നാം നിയമസഭയിലെ സ്പീക്കറും തിരുവനന്തപുരം അരുവിക്കര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമാണ് ജി കാര്‍ത്തികേയന്‍. 1949 ജനുവരി 20 ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ എ.പി. ഗോപാലപിള്ളയുടെയും വനജാക്ഷിയമ്മയുടെയും മകനായാണ് കാര്‍ത്തികേയന്റെ ജനനം. നിയമ ബിരുദധാരിയായ അദ്ദേഹം കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത്. 1995 ലെ എ കെ. ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായും 2001 ലെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യപൊതുവിതരണ, സാംസ്‌കാരിക മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991ല്‍ പരാതി പരിഹാര സെല്‍ ചെയര്‍മാന്‍, ഒമ്പതാം നിയമസഭയിലെ ചീഫ് വിപ്പ്, 10ാം നിയമസഭയില്‍ കോണ്‍ഗ്രസിന്റെ നിയമസഭ കക്ഷി ഉപനേതാവ്, പലഘട്ടങ്ങളിലായി കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും കാര്‍ത്തികേയന്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 1982ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ച കാര്‍ത്തികേയന്‍ സിപിഎം നേതാവ് കെ. അനിരുദ്ധനെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. എന്നാല്‍ 1987 ല്‍ ഇതേ മണ്ഡലത്തില്‍ എം.വിജയകുമാറിനോട് പരാജയപ്പെട്ടു. പിന്നീട് തുടര്‍ച്ചയായി അഞ്ചു തവണ കാര്‍ത്തികേയന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ ആര്യനാട് നിന്നും 2011ല്‍ അരുവിക്കരയില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്. ഭാര്യഡോ. എം.ടി സുലേഖ. മക്കള്‍കെ.എസ്. അനന്തപത്മനാഭന്‍, കെ.എസ്. ശബരിനാഥന്‍.

---- facebook comment plugin here -----

Latest