Connect with us

Kerala

കാര്‍ത്തികേയന്‍ ശാന്തനായ നേതാവായിരുന്നുവെന്ന് വിഎസ്

Published

|

Last Updated

തിരുവനന്തപുരം: അന്തരിച്ച കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ശാന്തനായ രാഷ്ട്രീയ നേതാവായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ അനുസ്മരിച്ചു. കാര്‍ത്തികേയന്‍ സൗമ്യനും ലാളിത്യം കാത്തുസൂക്ഷിക്കുകയും ചെയ്ത നേതാവായിരുന്നുവെന്നും വിഎസ് പറഞ്ഞു
പ്രമുഖര്‍ അനുസ്മരിക്കുന്നു………..

രമേശ് ചെന്നിത്തല(ആഭ്യന്തരമന്ത്രി)
ജി.കാര്‍ത്തികേയന്റെ വിയോഗം എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്. എനിക്ക് വെറുമൊരു സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല അദ്ദേഹം, സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും പര്യായമായിരുന്നു. ഏതാണ്ട് 38 വര്‍ഷത്തോളം ഞങ്ങള്‍ ഒരേ മനസ്സായി ഒരേ ആദര്‍ശത്തിനും, പ്രത്യയശാസ്ത്രത്തിനും വേണ്ടി തോളോട്‌തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കെ.എസ്.യു.വിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത് തിരുവനന്തപുരം ആയുര്‍വേദ കോളേജിനടുത്തുള്ള സലാം ലോഡ്ജിലായിരുന്നു ഞങ്ങള്‍ എല്ലാവരുടെയും താമസം. അന്ന് ഒരുമിച്ചു പട്ടിണി കിടന്നു, പത്രം വിരിച്ച് തറയില്‍ കിടന്നുറങ്ങി, ഇതെല്ലാം ഇന്നലെ നടന്നത് പോലെ തോന്നുന്നു. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ എന്നും ഒരു ജ്യേഷ്ഠസഹോദരനെ പോലെ താങ്ങും തണലുമായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന് ഗുരുതരമായ രോഗം പിടിപെട്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ വിദഗ്ദ ചികിത്സക്കായി അമേരിക്കയിലും പിന്നീട് ബംഗളൂരുവിലും കൊണ്ട് പോകുമ്പോള്‍ ഞാന്‍ കൂടെ തന്നെ ഉണ്ടായിരുന്നു. ഒരു ഇളയ സഹോദരന്‍ ചെയ്യേണ്ട എല്ലാ കടമയും അദ്ദേഹത്തിനായി നിറവേറ്റാന്‍ എനിക്ക് കഴിഞ്ഞുവെന്നാണ് എന്റെ വിശ്വാസം.
ഈ മഹത് ചരമത്തിനു മുന്‍പില്‍ കണ്ണീരോടെ ഞാന്‍ കൂപ്പുകൈകളുമായി നില്‍ക്കുന്നു.

പി കെ കുഞ്ഞാലിക്കുട്ടി(വ്യവസായമന്ത്രി)

പൊതു ജീവിതത്തിലെ മാതൃകാ പുരുഷനമായിരുന്നു ജി കാര്‍ത്തികേയനെന്ന് വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടി. എല്ലാവര്‍ക്കും ഇഷ്ടമുള്ള പ്രമുഖനായ വ്യക്തിത്വത്തിനുടമയാണ് ജി കാര്‍ത്തികേയനെന്നും പികെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.

എ കെ ആന്റണി
ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് എകെ ആന്റണി. സംഘടയിലും പാര്‍ട്ടിയിലും ഒപ്പം പ്രവര്‍ത്തിച്ച കാലം മറക്കാനാകാത്ത അനുഭവമെന്നും ആന്റണി അനുസ്മരിച്ചു.
കൊടിയേരി ബാലകൃഷ്ണന്‍(സിപിഎം സംസ്ഥാന സെക്രട്ടറി)

നഷ്ടമായത് ഉന്നത മൂല്യങ്ങള്‍ സൂക്ഷിച്ച നേതാവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍.
പിജെ ജോസഫ്
എല്ലാ വിഭാഗം ജനങ്ങളുടെയും സ്‌നേഹം പിടിച്ചുപറ്റിയ നേതാവാണ് ജി കാര്‍ത്തികേയന്‍. സ്പീക്കറായതിന് ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടേയും ആദരവ് പിടിച്ച പറ്റിയ നേതാവാണെന്നും പിജെ ജോസഫ് അനുസ്മരിച്ചു.
വയലാര്‍ രവി

അടുത്ത സുഹൃത്തിനെയാണ് നഷ്ടമയതെന്ന് വയലാര്‍ രവി അനുസ്മരിച്ചു.

കാനം രാജേന്ദ്രന്‍(സിപിഐ സംസ്ഥാന സെക്രട്ടറി)

ജീവിതത്തില്‍ല്‍ ഉന്നത മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച നേതാവായിരുന്നു കാര്‍ത്തികേയന്‍. എല്ലാവരോടും നല്ല ബന്ധം സ്ഥാപിച്ചിരുന്ന മഹാ വ്യക്തിത്വമായിരുന്നു ജി കാര്‍ത്തികേയനെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുസ്മരിച്ചു.

എന്‍ കെ പ്രേമചന്ദ്രന്‍
സംശുദ്ധമായ പൊതു ജീവിതത്തിന്റെ പ്രതീകമായിരുന്നു ജി കാര്‍ത്തികന്റേതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി അനുസ്മരിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന വ്യക്തിത്വമായിരുന്നു ജി കാര്‍ത്തികന്റേതെന്ന് പ്രേമചന്ദ്രന്‍ അനുസ്മരിച്ചു.

ഷിബു ബേബി ജോണ്‍

മാന്യതയുടെ പര്യായമായിരുന്നു ജി കാര്‍ത്തികേയനെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ അനുസ്മരിച്ചു.

പിണറായി വിജയന്‍
രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും മാന്യതയും മനുഷത്വവും പുലര്‍ത്തിയ കോണ്‍ഗ്രസ്സിലെ വേറിട്ട വ്യക്തിത്വമായിരുന്നു ജി.കാര്‍ത്തികേയന്‍. നിയമ സഭയിലും അല്ലാതെയും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തുന്നു.കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും അനുശോചനം അറിയിക്കുന്നു.