സൈന, ലിന്‍ ഡാന്‍ ക്വാര്‍ട്ടറില്‍

Posted on: March 7, 2015 4:57 am | Last updated: March 6, 2015 at 11:58 pm
SHARE

ബിര്‍മിംഗ്ഹാം: ആള്‍ ഇംഗ്ലണ്ട് ഓപണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍. ചൈനീസ് തായ്‌പേയുടെ കിം ഹ്യോ മിനെ നേരിട്ട ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൈനയുടെ കുതിപ്പ് (21-15, 21-15).
വനിതാ സിംഗിള്‍സില്‍ ചൈനയുടെ ടോപ് സീഡ് ലി സ്യുയി അപ്രതീക്ഷിത അട്ടിമറിക്കിരയായി. നാട്ടുകാരിയായ സുന്‍ യുനാണ് 2012 ജേതാവായ ലി സ്യുയിനെ പരാജയപ്പെടുത്തിയത് (21-13, 21-13). അതേ സമയം രണ്ടാം സീഡ് ചൈനയുടെ ബേ യോനും ആറാം സീഡും ലോകചാമ്പ്യനുമായ ഡെന്‍മാര്‍ക്കിന്റെ കരോലിന വോസ്‌നിയാക്കി എന്നിവര്‍ ക്വാര്‍ട്ടറിലെത്തി.
പുരുഷ വിഭാഗത്തില്‍, അഞ്ച് തവണ ജേതാവായ ചൈനയുടെ ഇതിഹാസ താരം ലിന്‍ ഡാന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ചൈനയുടെ തന്നെ യുവതാരം ടിയാന്‍ ഹുവെയെയാണ് പ്രീക്വാര്‍ട്ടറില്‍ ലിന്‍ ഡാന്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-15, 21-19. രണ്ടാം ഗെയിമില്‍ 3-6ന് പിറകില്‍ നിന്ന ശേഷം തുടരെ ആറ് പോയിന്റെടുത്ത് 9-6ന് ലീഡെടുത്ത ടിയാന്‍ ഹുവെ സമ്മര്‍ദഘട്ടത്തിലാണ് മത്സരം കൈവിട്ടത്. നിലവിലെ റണ്ണേഴ്‌സപ്പും ടോപ് സീഡുമായ ചെന്‍ ലെംഗ് ചൈനീസ് തായ്‌പേയുടെ സു ജെന്‍ ഹോയെ 21-7, 21-9ന് തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി. ലിന്‍ ഡാന്റെ അടുത്ത എതിരാളി ജപ്പാന്റെ കെന്റോ മൊമോടയാണ്. ചെന്‍ ലോംഗ് ചൈനീസ് തായ്‌പേയുടെ ചോ ടിന്‍ ചെനെ നേരിടും.