ലോകകപ്പ് മോഹവുമായി റൊബീഞ്ഞോ

Posted on: March 7, 2015 5:56 am | Last updated: March 6, 2015 at 11:57 pm
SHARE

Robinho-001റിയോ ഡി ജനീറോ: ബ്രസീല്‍ ദേശീയ ടീമിലേക്ക് വീണ്ടും അവസരം ലഭിച്ച റൊബീഞ്ഞോ 2018 ലോകകപ്പ് കളിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. ഈ മാസവസാനം ഫ്രാന്‍സ്, ചിലി ടീമുകള്‍ക്കെതിരായ സൗഹൃദ മത്സരത്തിനുള്ള 23 അംഗ സ്‌ക്വാഡിലാണ് ബ്രസീല്‍ കോച്ച് ദുംഗ മുപ്പത്തൊന്നുകാരനായ റൊബീഞ്ഞോയെ ഉള്‍പ്പെടുത്തിയത്. ദുംഗ തന്നിലര്‍പ്പിച്ച വിശ്വാസം ശരിവെക്കും വിധമുള്ള പ്രകടനമാണ് താരത്തിന്റെ മനസ്സില്‍. ദുംഗക്കൊപ്പം കോപ അമേരിക്ക, കോണ്‍ഫെഡറേഷന്‍സ് കപ്പ് കിരീടങ്ങള്‍ നേടിയിട്ടുണ്ട് റൊബീഞ്ഞോ. മുന്‍കാലങ്ങളിലെല്ലാം ദുംഗ തന്നിലര്‍പ്പിച്ച വിശ്വാസം വ്യഥാവിലായിട്ടില്ല. ഇത്തവണയും മികച്ച പ്രകടനം പുറത്തെടുക്കാനാകും – റൊബീഞ്ഞോ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ആഗസ്റ്റില്‍ എ സി മിലാനില്‍ നിന്ന് സാന്റോസ് ക്ലബ്ബിലെത്തിയതിന് ശേഷമുള്ള മികവാണ് റൊബീഞ്ഞോക്ക് വീണ്ടും മഞ്ഞക്കുപ്പായം സമ്മാനിച്ചത്. സീസണില്‍ സാന്റോസിനായി 28 മത്സരങ്ങളില്‍ പതിനാല് ഗോളുകള്‍ നേടി. ഇതില്‍ ഏഴ് ഗോളുകള്‍ ഈ വര്‍ഷമാണ്. 2014 ലോകകപ്പ് ടീമില്‍ കോച്ച് ലൂയിസ് ഫിലിപ് സ്‌കൊളാരി റൊബീഞ്ഞോയെ ഉള്‍പ്പെടുത്തിയിരുന്നില്ല. സ്‌കൊളാരിയുടെ അവഗണന ഒരു തരത്തില്‍ ഭാഗ്യമായെന്ന് റൊബീഞ്ഞോ പറഞ്ഞിരുന്നു. ലോകകപ്പില്‍ ജര്‍മനിയോടേറ്റ 7-1 തോല്‍വി ബ്രസീല്‍ മാധ്യമങ്ങള്‍ ദേശീയ ദുരന്തമായി ആചരിച്ചപ്പോഴായിരുന്നു അത്.
ഈ മാസം 26ന് പാരിസിലാണ് ബ്രസീല്‍ ഫ്രാന്‍സിനെ നേരിടുന്നത്. 29ന് ലണ്ടനില്‍ ചിലിക്കെതിരെ.