പൊള്ളോക്ക് പ്രവചിക്കുന്നു ദ.ആഫ്രിക്ക-ആസ്‌ത്രേലിയ ഫൈനല്‍

Posted on: March 7, 2015 5:55 am | Last updated: March 6, 2015 at 11:56 pm
SHARE

pollockഫൈനലില്‍ ആസ്‌ത്രേലിയയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക ആദ്യമായി ലോകകപ്പ് ഉയര്‍ത്തും. പ്രവചിക്കുന്നത് മറ്റാരുമല്ല ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരം ഷോണ്‍ പൊള്ളോക്ക്. കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ ഓക്‌ലാന്‍ഡില്‍ ന്യൂസിലാന്‍ഡിനെതിരെ സെമിഫൈനല്‍ ജയിച്ച് മെല്‍ബണിലെ ഫൈനലില്‍ ആസ്‌ത്രേലിയയെ കീഴടക്കി കന്നിക്കിരീടം.
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങള്‍ എന്നാരെങ്കിലും പറഞ്ഞാല്‍ അതിനെ പ്രതിരോധിക്കാന്‍ പോന്നതാണ് ദക്ഷിണാഫ്രിക്കയുടെ ഫോം. മുമ്പൊരിക്കലുമില്ലാത്ത വിധം ബാറ്റിംഗ്, ബൗളിംഗ് ലൈനപ്പ് സുദൃഢമാണെന്ന് പൊള്ളോക്ക് നിരീക്ഷിക്കുന്നു. എന്നാല്‍, ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നത് ദക്ഷിണാഫ്രിക്കക്ക് എന്നും ലോകകപ്പ് ജയിക്കാനുള്ള ടീമുണ്ടായിരുന്നുവെന്നാണ്. എന്നിട്ടും ജയിച്ചില്ല, അവിടെയാണ് പ്രശ്‌നം. ഭാഗ്യം എന്നൊരു ഘടം നിര്‍ണായകമാണ്. അതില്ലാത്ത ടീമാണ് ദക്ഷിണാഫ്രിക്ക. പക്ഷേ, പൊള്ളോക്ക് ഉറച്ച് വിശ്വസിക്കുന്നു -ഇത്തവണയില്ലെങ്കില്‍ പിന്നെയെപ്പോള്‍!
ശനിയാഴ്ച പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അവരുടെ ഫോമിന്റെ പാരമ്യതയിലെത്തുമെന്ന നിരീക്ഷണവും പൊള്ളോക്കിനുണ്ട്. ആറ് മുന്‍നിര ബാറ്റ്‌സ്മാന്‍മാരില്‍ അഞ്ച് പേരും താളം കണ്ടെത്തിക്കഴിഞ്ഞതാണ് പൊള്ളോക്കിനെ സന്തോഷിപ്പിക്കുന്നത്. ക്യാപ്റ്റന്‍ എ ബി ഡിവില്ലേഴ്‌സ് തന്നെ പൊള്ളോക്കിന്റെ ഇഷ്ടതാരം. 62 പന്തുകളില്‍ 166 റണ്‍സടിച്ച ഡിവില്ലേഴ്‌സിന്റെ റെക്കോര്‍ഡ് പ്രകടനം പൊള്ളോക്കിന്റെ മനസില്‍ നിന്ന് മായുന്നില്ല. അയാള്‍ എത്ര അനായാസമായാണ് റണ്‍സടിച്ച് കൂട്ടുന്നത്. ക്രിസ് ഗെയിലിനേക്കാള്‍ അപകടകാരിയാണ് ഡിവില്ലേഴ്‌സ്- പൊള്ളോക്കിന് സംശയമില്ല.