വിദേശ വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി നടപടികള്‍ സ്വീകരിക്കും: മുഖ്യമന്ത്രി

Posted on: March 7, 2015 5:51 am | Last updated: March 6, 2015 at 11:52 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി പ്രത്യേകം മാനദണ്ഡങ്ങള്‍ തയ്യാറാക്കും. കേരളത്തെ രാജ്യാന്തര തലത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പി എം ജി സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന രാജ്യാന്തര വിദ്യാര്‍ഥി സംഗമത്തിലാല്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ കേട്ട് മറുപടി പറയുകയായിരുന്നു അദ്ദഹം.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വിഭാഗം ആരംഭിക്കുന്ന കാര്യം പരിശോധിക്കുമെന്നും വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. വിദേശ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന്റെ ചരിത്രം, സംസ്‌കാരം, ആയുര്‍വേദം, ആയോധന കല, എന്നിവ പരിചയപ്പെടാന്‍ അവസരം സൃഷ്ടിക്കുമെന്ന് പരിപാടിയില്‍ പങ്കെടുത്ത മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്ന് മൂന്നൂറോളം വിദേശ വിദ്യാര്‍ഥികളാണ്‌സംഗമത്തിന് പങ്കെടുത്തത്.
പരീക്ഷകളുടെയും ഗവേഷണപ്രബന്ധങ്ങളുടെ മൂല്യനിര്‍ണയത്തില്‍ കാലതാമസമുണ്ടാകുന്നുവെന്ന് വിദേശവിദ്യാര്‍ത്ഥികള്‍ ചിലര്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. വിസ കാലാവധി കഴിയഞ്ഞ് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്നീട് തിരിച്ച് വരുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്നും അവര്‍സൂചിപിച്ചു. പ്രതിവര്‍ഷമുള്ള ഫീസ് വര്‍ധനയുടെ തോത് മുന്‍കൂട്ടി നിജപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്രധാന കോഴ്‌സിലേക്ക് കടക്കുംമുമ്പ് കേരളത്തെപ്പറ്റി അറിയാന്‍ ഹ്രസ്വകാല കോഴ്‌സുകള്‍ വേണം. മലയാളഭാഷ പഠിക്കാനുള്ള സൗകര്യം ലഭ്യമാക്കണമെന്നും ആവശ്യമുന്നയിച്ചു.
വിദേശ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേകം ഏജന്‍സി രൂപീകരിക്കാന്‍ പദ്ധതിയുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ പറഞ്ഞു.സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഐ സി സി ആര്‍ പ്രോഗ്രാം ഡയറക്ടര്‍ ഡോ.ലെസ്‌ലി ജോസഫ്, കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി പി അന്‍വര്‍ പങ്കെടുത്തു.