Connect with us

Eranakulam

വസ്തുതാന്വേഷണത്തിന് സി ബി ഐക്ക് ഹൈക്കോടതി നിര്‍ദേശം

Published

|

Last Updated

കൊച്ചി: ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളെക്കുറിച്ച് വസ്തുതാന്വേഷണം നടത്താന്‍ സി ബി ഐക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടുകളും അഴിമതിയും സംബന്ധിച്ച് വി ശിവന്‍കുട്ടി നല്‍കിയ പരാതിയില്‍ വസ്തുതാന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് പി ഉബൈദ് നിര്‍ദേശിച്ചു. തന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സി ബി ഐക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടി എം എല്‍ എ സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിച്ചാണ് കോടതിയുടെ നടപടി. പരാതിയില്‍ അഴിമതി നടത്തിയതാരെന്ന് വ്യക്തമായി പ്രതിപാദിക്കാത്തതിനാല്‍ പ്രാഥമിക അന്വേഷണം കൂടാതെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാറിനും സി ബി ഐ ക്കും നോട്ടീസയച്ചു. കേസിലെ എതിര്‍ കക്ഷികളായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നോട്ടീസ് അയക്കേണ്ടതില്ലെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് ദേശീയ ഗെയിംസ് നടത്തിപ്പുമായി നേരിട്ട് ബന്ധമില്ലെന്ന് വിലയിരുത്തിയാണ് കോടതി നടപടി.
അതേസമയം ദേശീയ ഗെയിംസ് നടത്തിപ്പിലെ അഴിമതി സംബന്ധിച്ച പ്രാഥമികാന്വേഷണം നടത്തിയ ശേഷമേ രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തണമോയെന്ന കാര്യം തീരുമാനിക്കാനാകൂവെന്ന് സി ബി ഐ അഭിഭാഷകന്‍ ബോധിപ്പിച്ചു. സി ബി ഐ ഇതേകുറിച്ച് പരാതി കൂടാതെ തന്നെ പ്രാഥമികാന്വേഷണം നടത്തി കേസെടുക്കാകുമെന്നും സി ബി ഐ വാദിച്ചു. ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടുകളും അഴിമതിയും സംബന്ധിച്ച വി ശിവന്‍കുട്ടി നല്‍കിയ പരാതിയില്‍ ഏതെങ്കിലും വ്യക്തിക്കെതിരെ വ്യക്തമായ ആരോപണമില്ലെന്നും പൊതുവായ ആരോപണങ്ങള്‍ മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളതെന്നും കേസ് പരിഗണിക്കവേ കോടതി വിലയിരുത്തി.