Connect with us

Kerala

പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ രൂക്ഷവിമര്‍ശം

Published

|

Last Updated

തിരുവനന്തപുരം: നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥയും ആശുപത്രികളിലെ മരുന്ന് ക്ഷാമവും ചൂണ്ടിക്കാട്ടി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് എം എല്‍ എമാരുടെ രൂക്ഷവിമര്‍ശം. വലിയ പ്രഖ്യാപനങ്ങള്‍ക്ക് കുറവില്ലെങ്കിലും വികസന കാര്യത്തില്‍ സ്തംഭനാവസ്ഥ നിലനില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എം എല്‍ എമാര്‍ ചൂണ്ടിക്കാട്ടി. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ആദ്യയോഗത്തിലായിരുന്നു എം എല്‍ എമാര്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞത്.

വൈസ് പ്രസിഡന്റ് വി ഡി സതീഷനാണ് ് വിമര്‍ശങ്ങള്‍ തുടങ്ങി വെച്ചത്. കൈയില്‍ അഞ്ചു പൈസയില്ലെങ്കിലൂം വലിയ വലിയ സ്വപ്‌നങ്ങളാണ് കാണുന്നതെന്ന് സതീശന്‍ പരിഹസിച്ചു. ഇവിടെ ദിനംപ്രതി മെഡിക്കല്‍ കോളജുകള്‍ തുടങ്ങുന്നതിനെക്കുറിച്ച് പ്രഖ്യാപനം നടത്തുകയാണെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുപോലുമില്ലാത്ത സ്ഥിതിയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. നിങ്ങള്‍ ഗവര്‍ണറെക്കൊണ്ട് രണ്ടും മൂന്നും മെഡിക്കല്‍ കോളജുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപിക്കുന്നതിന് പകരം സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യമരുന്നുകള്‍ വാങ്ങിവെക്കുകയാണ് വേണ്ടത്. മെട്രോ, വിമാനത്താവളം, തുറമുഖം തുടങ്ങി വന്‍കിട പദ്ധതികളുടെ പ്രഖ്യാപിച്ച് ആയിരവും രണ്ടായിരവും കോടികള്‍ മാറ്റിവെക്കുന്നു. എന്നാല്‍, പണിയെടുത്ത കരാറുകാര്‍ക്ക് നല്‍കാനുള്ള പണം കൊടുക്കാനില്ല. തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് ഇവര്‍ക്ക് നല്‍കാനുള്ള പണം കൊടുത്തില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി.
ശിവദാസന്‍നായര്‍, കെ മുരളീധരന്‍, സി പി മുഹമ്മദ് തുടങ്ങിയവരും നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ ചൂണ്ടിക്കാട്ടി. എടുത്ത പണി പോലും അവര്‍ ചെയ്യുന്നില്ല. ഈ നിലതുടര്‍ന്നാല്‍ എം എല്‍ എമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പോലൂം കഴിയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടത്തേണ്ട പണികളില്‍ പോലും ഒന്നും നടക്കുന്നില്ല. ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയൂം മണ്ഡലങ്ങളില്‍ സാമ്പത്തികപ്രതിസന്ധിയുമില്ല. അവിടെ കൃത്യമായി ബില്ലുകള്‍ മാറി പണി നടക്കുന്നുണ്ട്. കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ മണ്ഡലങ്ങളില്‍ ബില്ലുകള്‍ മാറുന്നില്ലെന്ന് യോഗത്തിലെ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.
ആശുപത്രികളിലെ മരുന്നുക്ഷാമം മൂലം ജനങ്ങള്‍ വല്ലാതെ വലയുകയാണെന്ന് വര്‍ക്കല കഹാര്‍ പറഞ്ഞു. കുട്ടികള്‍ക്ക് നല്‍കേണ്ട വാക്‌സിനുകള്‍ പോലും പലേടത്തുമില്ല. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ആശുപത്രികളില്‍ മരുന്നുകള്‍ എത്തിക്കാന്‍ കഴിയാത്തതെന്ന് മന്ത്രി വി എസ് ശിവകുമാര്‍ വ്യക്തമാക്കി. 100 കോടി രൂപ അനുവദിച്ചാല്‍ ഈ ക്ഷാമം പരിഹരിക്കാമെന്നും അദ്ദേഹം അറിയിച്ചു. നെല്ല് കിലോക്ക് ഇപ്പോള്‍ നല്‍കുന്ന സംഭരണവിലയായ 19 രൂപ വളരെ കുറവാണെന്ന് കെ അച്യുതന്‍ വ്യക്തമാക്കി. ഇതില്‍ കര്‍ഷകര്‍ക്ക് അതൃപ്തിയുണ്ട്. അതുകൊണ്ട് കുറഞ്ഞപക്ഷം 20 രൂപയായെങ്കിലും അത് വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കണ്‍സ്യൂമര്‍ഫെഡിനെ പൂട്ടിക്കുന്നതിനുള്ള നടപടിയാണ് ബന്ധപ്പെട്ടവരില്‍ നിന്നുമുണ്ടാകുന്നതെന്നും വിമര്‍ശമുയര്‍ന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ ചില്ലറവില്‍പ്പനശാലകള്‍ ഒന്നൊന്നായി പൂട്ടുകയാണ്. അവര്‍ക്കുണ്ടായിരുന്ന സഞ്ചരിക്കുന്ന വില്‍പ്പനശാലയാണെങ്കില്‍ സാധനങ്ങളൊന്നുമില്ലാതെ പെരുവഴിയില്‍ കിടക്കുകയുമാണ്.
ഇതില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അച്യുതന്‍ ആവശ്യപ്പെട്ടു. 2014 മാര്‍ച്ച് വരെയുള്ള കരാറുകാരുടെ കുടിശ്ശിക ഉടന്‍ നല്‍കുമെന്നും മറ്റു പരാതികള്‍ക്ക് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.