Connect with us

National

പഠിച്ചാല്‍ പോര, പകര്‍ത്തണം ഈ 'ഘര്‍ വാപസി'

Published

|

Last Updated

മുംബൈ: ഇതാണ് “ഘര്‍ വാപസി”. ഇതര മതക്കാരെ നിര്‍ബന്ധിപ്പിച്ച് മതം മാറ്റി അതിന് ഘര്‍ വാപസിയെന്ന് പേര് വിളിക്കുന്ന വി എച്ച് പിയെ പോലുള്ള ഹിന്ദുത്വ സംഘടനകള്‍ക്ക് അനുകരിക്കാവുന്നതാണ് ഈ ഘര്‍ വാപസി. മുംബൈയിലെ “മൈ ഹോം ഇന്ത്യ” എന്ന എന്‍ ജി ഒയാണ് പുതിയ ഘര്‍ വാപസി (വീട്ടിലേക്കുള്ള മടക്കം)യുമായി രംഗത്തെത്തിയത്. കാണാതായ കുട്ടികള്‍ക്ക് അഭയവും തിരികെ വീട്ടിലേക്ക് പോകാന്‍ സൗകര്യവും ഒരുക്കിയാണ് എന്‍ ജി ഒ വ്യത്യസ്തമാകുന്നത്.
നൂറോളം പെണ്‍കുട്ടികളടക്കം 14-16 ഇടയില്‍ പ്രായമുള്ള കുട്ടികളെ ജോലിയും മറ്റും വാഗ്ദാനം ചെയ്ത് കുറഞ്ഞ കൂലിയുള്ള ജോലിക്കും മാംസക്കച്ചവടത്തിനുമായി കൊണ്ടുവരികയാണെന്ന് സപ്‌നോ സെ അപ്‌നോ തക് എന്ന പരിപാടിയുടെ ദേശീയ കോഓര്‍ഡിനേറ്റര്‍ കൂടിയായ മിതിലേഷ് ഝാ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ കുട്ടികളുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ സാധിച്ചു. അവരില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നാല് പേര്‍ നേപ്പാളില്‍ നിന്നുമുണ്ട്. കുട്ടികളെ ബന്ധുക്കള്‍ക്ക് കൈമാറി. അവരുടെ യാത്രാചെലവും വഹിക്കുന്നുണ്ട്. വടക്കുകിഴക്കന്‍ മേഖലയിലെ 75 കുട്ടികളില്‍ 67 പേരും അസം സ്വദേശികളാണ്. ജോലി വാഗ്ദാനം ചെയ്ത് മുംബൈയിലേക്ക് കൊണ്ടുവന്ന് ലൈംഗികക്കച്ചവടത്തിന് ഉപയോഗിക്കുകയായിരുന്നു. നാല് പേര്‍ ഡല്‍ഹിയില്‍ നിന്നും മറ്റുള്ളവര്‍ ഉത്തര്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, കര്‍ണാടക സ്വദേശികളുമാണ്. ഈ കുട്ടികളെ എന്നെന്നേക്കും നഷ്ടപ്പെട്ടെന്നോ മരിച്ചെന്നോ കരുതിയിരിക്കുകയായിരുന്നു ബന്ധുക്കള്‍. മുംബൈ പോലീസിന്റെ സഹായത്തോടെയാണ് ബന്ധുക്കളെ കണ്ടെത്താനായത്.
നിഷ്‌കളങ്കരായ നിരവധി കുട്ടികള്‍ മുംബൈയിലേക്ക് നാടുവാടാറുണ്ട്. മോശം കമ്പനിയില്‍ എത്തിച്ചേരുകയും തൊഴില്‍ ചൂഷണത്തിന് ഇരകളാകുകയും ചെയ്യുന്നു. ചെറുകേസുകളിലും യാചനയിലും പെടുന്നവര്‍ നിരവധി. വളര്‍ന്നുവരുന്ന ഈ കുട്ടികളെ രാജ്യത്തിന്റെ ഭാവിയാണെന്ന നിലയില്‍ കണ്ട് കുടുംബവുമായി വീണ്ടും യോജിപ്പിക്കുന്നു. എന്‍ ജി ഒ മേധാവി സുനില്‍ ദ്യോധാര്‍ പറഞ്ഞു.
സംഘടനയുടെ പ്രവര്‍ത്തനം ബോധ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ദ്യോധാറിലെ വിളിപ്പിച്ച് അഭിനന്ദിച്ചിരുന്നു. മഹാരാഷ്ട്രയിലെ നിരവധി കുട്ടികളുടെ സര്‍ക്കാര്‍ കേന്ദ്രങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കുമെന്ന് ഫട്‌നാവിസ് അറിയിച്ചു. ദേശീയതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ദ്യോധാര്‍.

Latest