Connect with us

Eranakulam

കൊക്കെയിന്‍ കേസ്: ഗോവയില്‍ പിടിയിലായ നൈജീരിയന്‍ യുവാവിനെ കൊച്ചിയില്‍ കൊണ്ടു വന്നു

Published

|

Last Updated

കൊച്ചി: കൊച്ചിയില്‍ സ്‌മോക്കേഴ്‌സ് പാര്‍ട്ടിക്കിടെ പിടിയിലായവര്‍ക്ക് കൊക്കെയ്ന്‍ നല്‍കിയ നൈജീരിയക്കാരന്‍ അറസ്റ്റിലായി. ഒക്കോവ ചിഗോസി കോളിന്‍സ്(29) ആണ് പിടിയിലായത്. ദക്ഷിണ ഗോവയിലെ ചോപ്‌ഡെമിലെ റസ്റ്റോറന്റിന് മുന്നില്‍ നിന്നാണ് എറണാകുളം സെന്‍ട്രല്‍ സി ഐ ഫ്രാന്‍സിസ് ഷെല്‍ബിയും സംഘവും ഗോവ പോലീസിലെ ആന്റി നാര്‍കോട്ടിക് സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. യുവാവ് അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ കണ്ണിയാണെന്നാണ് സൂചന. ഇന്നലെ വൈകുന്നേരത്തോടെ കൊച്ചിയില്‍ കൊണ്ടുവന്ന കോളിന്‍സിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇന്ന് രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
ജനുവരി 30ന് ഗോവയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തിയാണ് ഇയാള്‍ രേഷ്മക്കും ബ്ലെസി സില്‍വസ്റ്ററിനും കൊക്കെയിന്‍ കൈമാറിയത്. മംഗള എക്‌സ്പ്രസില്‍ സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ ഇയാളെ സ്വീകരിക്കാന്‍ രേഷ്മ സ്റ്റേഷനില്‍ ചെന്നിരുന്നു. കാറില്‍ വെച്ചായിരുന്നു കൊക്കെയിന്‍ കൈമാറ്റം. കടവന്ത്രയിലെ ഫഌറ്റില്‍ എത്തിയ ഇയാള്‍ അന്ന് വൈകീട്ട് തന്നെ ഗോവയിലേക്കു മടങ്ങുകയും ചെയ്തു. ഗോവയില്‍ ന്യൂ ഇയര്‍ പാര്‍ട്ടിക്ക് പോയപ്പോള്‍ ഫ്രാങ്കോ എന്നയാളില്‍ നിന്നാണ് കൊക്കെയിന്‍ വാങ്ങിയതെന്നാണ് ബ്ലെസിയും രേഷ്മയും പോലീസിനോട് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ പ്രതികളുമായി ഗോവയില്‍ പോയിരുന്നുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കൊക്കെയിന്‍ കൊച്ചിയില്‍ എത്തിച്ചു കൊടുക്കുകയായിരുന്നുവെന്ന് പിന്നീടാണ് പോലീസിന് വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സൗത്ത് റെയില്‍വേ സ്റ്റേഷനിലെ സി സി ടി വിയില്‍ നി്ന്നും ഇയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. പോലീസ് ഇതുമായാണ് പ്രതിയെ പടികൂടാനായി തിങ്കളാഴ്ച വീണ്ടും ഗോവയിലേക്ക് പോയത്. വിസാ കാലവധിക്ക് ശേഷവും ഗോവയില്‍ താമസിച്ചതിന് നേരത്തെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നതിനാലാണ് പോലീസിന് ഇയാളെ വേഗത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞത്. പോലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവില്‍ റസ്റ്റോറന്റിന് മുന്നില്‍ കാത്തു നില്‍ക്കുകയായിരുന്ന കോളിന്‍സിനെ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഗോവയിലെ പേര്‍ണേം ജുഡീഷ്യല്‍ ഫ്സ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് കേരള പോലീസ് നല്‍കിയ അപേക്ഷയില്‍ ട്രാന്‍സിറ്റ് റിമാന്‍ഡ് നല്‍കി കസ്റ്റഡിയില്‍ വിട്ടു.

 

Latest