ബലാത്സംഗക്കേസിലെ പ്രതിയെ ജനക്കൂട്ടം ജയിലില്‍ നിന്ന് പുറത്തിറക്കി തല്ലിക്കൊന്നു

Posted on: March 6, 2015 9:23 pm | Last updated: March 6, 2015 at 11:26 pm
SHARE

ദിമാപൂര്‍: നാഗാലാന്‍ഡിലെ വാണിജ്യ കേന്ദ്രമായ ദിമാപൂരില്‍ ബലാത്സംഗക്കേസിലെ പ്രതിയെ രോഷാകുലരായ ജനക്കൂട്ടം സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറക്കി നഗരപ്രദക്ഷിണം നടത്തിയ ശേഷം തല്ലിക്കൊന്ന് ക്ലോക്ക് ടവറില്‍ കെട്ടിത്തൂക്കി.
ജനക്കൂട്ടം അക്രമാസക്തരായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ പരുക്കേറ്റ യുവാവ് പിന്നീട് ആശുപത്രിയില്‍ മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ വെള്ളിയാഴ്ചയും തുടരുന്നു. ബലാത്സംഗ വിവരമറിഞ്ഞ് തടിച്ചുകൂടിയ ജനങ്ങള്‍ ജയില്‍ തകര്‍ത്താണ് പ്രതിയെ പിടികൂടിയത്. ഇയാളെ വിവസ്ത്രനാക്കി നഗരത്തില്‍ പ്രദര്‍ശിപ്പിച്ച ശേഷം തല്ലിക്കൊല്ലുകയായിരുന്നു. സംഭവം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. നഗരത്തില്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് ജില്ലാ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോലീസ് വെടിവെപ്പില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മൂന്ന് യുവാക്കളുടെ നില ഗുരുതരമാണ്.
ദിമാപൂരില്‍ ഇന്നലെ അക്രമങ്ങളൊന്നും നടന്നിട്ടില്ലെന്നും സ്ഥിതിഗതികള്‍ സാധാരണമായിട്ടുണ്ടെന്നും ദിമാപ്പൂര്‍ മുസ്‌ലിം കൗണ്‍സില്‍ വര്‍ക്കിംഗ് പ്രസിഡന്റ് എ റഹ്മാന്‍ അറിയിച്ചു. സംഘര്‍ഷം നിലനിന്നിരുന്ന സ്ഥലങ്ങളിലെല്ലാം സമാധാന കമ്മിറ്റികള്‍ രൂപവത്കരിച്ചതായും അദ്ദേഹം അറിയിച്ചു.
ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ ഫാരിദ് ഖാന്‍ ആണ് ജനക്കൂട്ടത്തിന്റെ രോഷത്തിന് ഇരയായത്. പത്തൊമ്പത് വയസ്സുള്ള ഗോത്ര വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ച കേസില്‍ ഫെബ്രുവരി 24നാണ് പോലീസ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
നാഗാലാന്‍ഡ് മുഖ്യമന്ത്രി ടി ആര്‍ സെലിയാംഗ് മന്ത്രിമാരും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ബലാത്സംഗത്തിന് പോലീസ് കസ്റ്റഡിയിലായിരുന്ന യുവാവിനെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി തല്ലിക്കൊന്ന സംഭവം അപലപനീയമാണെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പറഞ്ഞു.