Connect with us

Kerala

വിസതട്ടിപ്പ് തടയാന്‍ പ്രവാസികള്‍ക്കായി പ്രത്യേക എന്‍ ആര്‍ ഐ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: വിസാതട്ടിപ്പും പ്രവാസി മലയാളികള്‍ക്കെതിരായ ക്രിമിനല്‍ കുറ്റകൃത്യങ്ങളും തടയാന്‍ എന്‍ ആര്‍ ഐ കമ്മീഷന്‍ രൂപവത്കരിക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. വിവിധ രാജ്യങ്ങളിലെ മലയാളികളായ പ്രവാസികള്‍ക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ഗുരുതര പ്രശ്‌നമായിത്തീര്‍ന്ന സാഹചര്യത്തിലാണ് ഇത്തരം കേസുകള്‍ മാത്രം കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ ഒരു പ്രത്യേക കമ്മീഷന്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കായി സര്‍ക്കാര്‍ ഏജന്‍സികളിലൂടെ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളും, പുതിയ നിയമങ്ങളും മൂലം പ്രസി മലയാളികള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.
ഇത്തരത്തില്‍ ഇറാഖിലും, ലിബിയയിലും കുടുങ്ങിയ മലയാളികളെ കേന്ദ്രസര്‍ക്കാറിന്റെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇങ്ങനെ തിരിച്ചെത്തുന്ന മലയാളികളുടെ പുനരധിവാസം ഗൗരവമായി സര്‍ക്കാര്‍ കാണുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഒമ്പതുവരെ വിവിധ ബേങ്കുകളിലായി 97400 കോടി രൂപയുടെ നിക്ഷേപത്തിന് പുറമെ 90000 കോടി അധിക നിക്ഷേപം നടത്തിയതായും പ്രസംഗത്തില്‍ പറയുന്നുണ്ട്.
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനും, ന്യൂനപക്ഷ കമ്മീഷനും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസംവരണം ലഭിക്കുന്നതിനുള്ള ന്യൂനപക്ഷ ഇ-സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

Latest