വാടകകാശുമായി കണ്ണൂര്‍ സ്വദേശി നാട്ടിലേക്ക് മുങ്ങി

Posted on: March 6, 2015 7:00 pm | Last updated: March 6, 2015 at 7:46 pm
SHARE

ഷാര്‍ജ: ഷാര്‍ജയിലുള്ള റീമാക്‌സ് റിയല്‍റ്റേഴ്‌സിലെ അക്കൗണ്ടന്റായിരുന്ന, കണ്ണൂര്‍ സിറ്റി ആസാദ് റോഡ് സ്വദേശി, ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഒരുലക്ഷത്തി മുപ്പത്തയ്യായിരം ദിര്‍ഹം (ഇരുപത്തി മൂന്ന് ലക്ഷത്തോളം ഇന്ത്യന്‍ രൂപയുമായി) നാട്ടിലേക്ക് മുങ്ങിയതായി പരാതി.
കഴിഞ്ഞ 12 വര്‍ഷമായി യു എ ഇ സ്വദേശി സാലിം മുഹമ്മദ് അബ്ദുല്ല അല്‍ ഖയാല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള റിമാക്‌സ് റിയല്‍റ്റേഴ്‌സ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ ജോലിചെയ്ത് വരുകയായിരുന്നു ഇയാള്‍. ആത്മാര്‍ഥമായ പ്രവര്‍ത്തനത്തിലൂടെ സ്ഥാപനയുടമയുടെ വിശ്വാസ്ഥനായിതീര്‍ന്നു. ശേഷം കഴിഞ്ഞ ജനുവരി മാസത്തില്‍ അച്ഛന് സുഖമില്ലാത്തത് കാരണം അത്യാവശ്യമായി ഒമാനിലേക്ക് പോകുന്നതിനായി രണ്ട് ദിവസത്തെ അവധി വാങ്ങി കുടുംബ സമേതം നാട്ടിലേക്ക് മുങ്ങുകയായിരുന്നുവത്രെ. എന്നാല്‍ നാട്ടിലേക്ക് പോയ ആള്‍ സ്ഥാപനയുടമയെ ബന്ധപ്പെടുകയൊ തിരികെ വരുകയൊ ചെയ്തില്ല. തുടര്‍ന്ന് സ്ഥാപനത്തിലെ കണക്ക് പരിശോധിച്ചപ്പോഴാണ് വാടക ഇനത്തില്‍ സ്വീകരിച്ച ഒരുലക്ഷത്തി മുപ്പത്തയ്യായിരം ദിര്‍ഹവുമായാണ് ഇയാള്‍ കടന്ന് കളഞ്ഞതെന്ന് മനസ്സിലാകുന്നത്.
ഇയാള്‍ക്കെതിരെ പണാപഹരണ കുറ്റം ആരോപിച്ച് ഷാര്‍ജയിലെ അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി മുഖേന ഷാര്‍ജ അല്‍ ഖര്‍ബ് പോലീസില്‍ പരാതി നല്‍കിരിയിക്കുകയാണ് . ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്ണൂര്‍ എസ് പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.