Connect with us

Gulf

നാട്ടിലേക്ക് ഭാണ്ഡം മുറുക്കുന്നതിന് മുമ്പ്

Published

|

Last Updated

നാട്ടിലേക്ക് പോകുമ്പോള്‍ ഗള്‍ഫില്‍ നിന്ന് നിയമാനുസൃതം എന്തൊക്കെ കൊണ്ടുപോകാമെന്നത് പലര്‍ക്കും അറിയില്ല. ഇന്ത്യന്‍ കറന്‍സി 10,000 രൂപ വരെ കൊണ്ടുപോകാം. പുരുഷന്‍മാര്‍ക്ക് ഡ്യൂട്ടി അടക്കാതെ 50,000 രൂപയുടെയും സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെയും സ്വര്‍ണം കൊണ്ടുപോകാം. വിദേശ കറന്‍സി 5,000 ഡോളറോ തത്തുല്യമായതോ ആകാം.
ആറു മാസം വിദേശത്തു താമസിച്ചയാള്‍ക്ക് ഒരു കിലോ സ്വര്‍ണം അനുവദനീയം. പക്ഷേ, 2.7 ലക്ഷം രൂപയോളം നികുതി അടക്കണം.
വിദേശത്ത് ഉപയോഗിച്ചതാണെങ്കിലും ടെലിവിഷന്‍ സെറ്റുകള്‍ക്ക് നികുതി ചുമത്തിയേക്കും. ഒന്നിലധികം ലാപ്‌ടോപ് ആയാലും പ്രശ്‌നമാണ്. മയക്കുമരുന്ന്, ആയുധങ്ങള്‍, ചില ഔഷധങ്ങള്‍, ചിലയിനം വിത്തുകള്‍, പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങിയവക്ക് നിരോധമുണ്ട്.
ശരാശരി മലയാളി സ്ത്രീകളുടെ ദേഹത്ത് ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വര്‍ണം എന്തായാലും കാണും. താലിമാല തന്നെ അഞ്ചുപവനോളം വരും. അമിതമല്ലെങ്കില്‍ പത്തുപവന്‍ ആഭരണങ്ങള്‍ കേരളത്തിലെ വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അനുവദിക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, കര്‍ശന പരിശോധന നടത്തി, നികുതി അടക്കാന്‍ ആജ്ഞാപിക്കാറുമുണ്ട്. അത് അതാത് ഉദ്യോഗസ്ഥന്റെ മനോധര്‍മം അനുസരിച്ചിരിക്കും.
ഇതിനിടയില്‍ സ്വര്‍ണക്കടത്തുകാര്‍, സാധാരണക്കാരെ കാരിയറാക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. ഒരു കിലോ സ്വര്‍ണം കൊണ്ടുപോവുകയാണെങ്കില്‍ 50,000 രൂപ നല്‍കുമെന്നതാണ് പ്രലോഭനം. വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്ക് പോകുന്ന കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളോ തൊഴിലാളികളോ ആണ് ലക്ഷ്യം. വിമാനത്താവളത്തില്‍ നികുതി അടക്കാനുള്ള പണവും നല്‍കും. സംഗതി നിയമാനുസൃതം ആണെങ്കിലും ഏറെ അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. നെഞ്ചിടിപ്പോടെയല്ലാതെ ഒരു കിലോ സ്വര്‍ണം കൈയില്‍ കൊണ്ടുപോകാന്‍ കഴിയില്ല. വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് കോപ്പി സമര്‍പ്പിക്കണം. ഈ മേല്‍വിലാസത്തില്‍ ഭാവിയില്‍ വേറെ ഏതെങ്കിലും അന്വേഷണം വന്നുകൂടായ്കയില്ല.
ചില വിരുതന്‍മാര്‍, ഭാര്യമാരെ കള്ളക്കടത്തിന് പ്രേരിപ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു ഗര്‍ഭിണി അടക്കം രണ്ടു കുടുംബിനികള്‍ പിടിയിലായത് കഴിഞ്ഞ വര്‍ഷം. അവര്‍ മാസങ്ങളോളം ജയിലില്‍ കിടന്നു. കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടുകിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഏതോ ദുര്‍ബല ഹൃദയനായ കാരിയറായിരിക്കും ഉപേക്ഷിച്ചത്. ഇതിന്റെ പേരില്‍ കാരിയര്‍ വര്‍ഷങ്ങളോളം പീഡനം ഏറ്റുവാങ്ങേണ്ടിവന്നേക്കാം. ചിലര്‍, പരിധിയിലധികം ഉല്‍പന്നങ്ങള്‍ വാങ്ങി നാട്ടിലേക്ക് പോകും. മിക്ക എയര്‍ലൈനറുകളും 30 കിലോയാണ് ലഗേജ് അനുവദിക്കുക. ഇതില്‍ കൂടുതലാണെങ്കില്‍ കിലോക്ക് 60 ദിര്‍ഹം വരെ ഈടാക്കും. ഏറെ വലുപ്പമുള്ള വസ്തുവാണെങ്കില്‍ വിമാനത്തില്‍ കയറ്റുകയുമില്ല. ഭാണ്ഡം മുറുക്കുന്നതിനു മുമ്പ് ഭാരം വിലയിരുത്തുന്നത് നന്നായിരിക്കും. ഹാന്‍ഡ് ബാഗേജിന്റെ കാര്യത്തിലും ഇത് പ്രായോഗിക സമീപനമാണ്.
വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ കടകളില്‍ നിന്ന് ട്രോളി നിറയെ സാധനങ്ങളുമായി പോകുന്നവര്‍, നാട്ടിലെ വിമാനത്താവളത്തിലെത്തിയാല്‍ കസ്റ്റംസിന്റെ കണ്ണുരുട്ടല്‍ അഭിമുഖീകരിക്കേണ്ടിവരും. ഡ്യൂട്ടി ഫ്രീ കടകളില്‍ നിന്ന് ലഭിക്കുന്ന മിക്ക ഉല്‍പന്നങ്ങളും അതേ ഗുണനിലവാരത്തില്‍ അതേ വിലയില്‍ നാട്ടിലും ലഭ്യമാണ്. എന്നിരിക്കെ ഇത്രയധികം ഭാരം വലിച്ചുപോകണോ?.

Latest