വാര്‍ഷികാഘോഷവും പത്മരാജന്‍ പുരസ്‌കാരവും 13ന്‌

Posted on: March 6, 2015 7:00 pm | Last updated: March 6, 2015 at 7:37 pm
SHARE

അബുദാബി: സോഷ്യല്‍ ഫോറം അബുദാബിയുടെ 12-ാമത് വാര്‍ഷികാഘോഷവും പ്രഥമ പത്മരാജന്‍ പുരസ്‌കാരവും സംഗീത നിശയും ഹാസ്യ വിരുന്നും 13 (വെള്ളി)ന് അബുദാബി നാഷനല്‍ തിയേറ്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എഴുത്തുകാരനും ചലചിത്ര സംവിധായകനുമായിരുന്ന പി പത്മരാജന്റെ പേരിലുള്ള ഫൗണ്ടേഷനുമായി ചേര്‍ന്ന് കേരളത്തിന് പുറത്ത് ആദ്യമായാണ് അബുദാബിയില്‍ വെച്ച് പത്മരാജന്‍ പുരസ്‌കാരം നല്‍കുന്നത്. പ്രഥമ പത്മരാജന്‍ പുരസ്‌കാരം ചലചിത്ര നടന്‍ റഹ്മാനാണ് നല്‍കുക.
ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ലുലു എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സി ഇ ഒ അദീബ് അഹമ്മദിനും മാധ്യമ പുരസ്‌കാരം ജയ്‌മോന്‍ ജോര്‍ജിനുമാണ് ലഭിക്കുക. ചടങ്ങില്‍ പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് അശ്‌റഫ് താമരശ്ശേരിയെ ആദരിക്കും. നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള സോഷ്യല്‍ ഫോറം ജീവകാരുണ്യ ധനസഹായം ചടങ്ങില്‍വെച്ച് നാല് പേര്‍ക്ക് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പത്മരാജന്‍ പുരസ്‌കാരമായി ലഭിക്കുക. വാര്‍ത്താസമ്മേളനത്തില്‍ സോഷ്യല്‍ ഫോറം അബുദാബി പ്രസിഡന്റ് ഡോ. മനോജ് പുഷ്‌കര്‍, രവി മേനോന്‍, അബ്ദുല്‍ അസീസ് മൊയ്തീന്‍, അനൂപ് നമ്പ്യാര്‍, സുരേഷ് കാന, സാബു അഗസ്റ്റിന്‍, ടി വി സുരേഷ്, അനീഷ് ഭാസി, മുജീബ് അബ്ദുല്‍ സലാം, സന്തോഷ്, നിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.