സായാഹ്ന സവാരിക്ക് ബൈക്കും സൈക്കിളുകളും

Posted on: March 6, 2015 7:36 pm | Last updated: March 6, 2015 at 7:36 pm
SHARE

DSC_0071അബുദാബി: സായാഹ്ന സവാരിക്കായി അബുദാബി ബീച്ചില്‍ ബൈക്കും സൈക്കിളുകളും. പെട്രോളിലോടുന്ന ബൈക്കല്ലെന്നു മാത്രം. കാല്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തപ്പിക്കേണ്ടത്. സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് മണിക്കൂര്‍ കണക്കാക്കിയാണ് വാടക. ചവിട്ടി സഞ്ചരിക്കുന്ന വാഹനത്തിന് മണിക്കൂറിന് 40 ദിര്‍ഹമാണ് വാടക. കോര്‍ണിഷിന്റെ ഒരു അറ്റം മുതല്‍ മറ്റേ അറ്റം വരെ സൈക്കിള്‍ പാതയിലൂടെ സഞ്ചരിക്കുവാന്‍ കഴിയുന്ന ബൈക്കില്‍ കയറുന്നതിന് ദിവസവും നൂറുകണക്കിന് സായാഹ്ന സവാരിക്കാരാണ് എത്തുന്നത്.

വൈകുന്നേരം നാല് കഴിഞ്ഞാല്‍ അബുദാബി കോര്‍ണീഷില്‍ സായാഹ്ന സവാരിക്കാരുടെ തിരക്കാണ്. കുടുംബ സമേതവും ഒറ്റക്കായും എത്തുന്നവര്‍ കുട്ടികളെ സൈക്കിള്‍ സവാരിക്ക് വിട്ട് വ്യായാമം ചെയ്യുകയാണ് പതിവ്. ബൈക്കിനും സൈക്കിളിനും പുറമെ കോര്‍ണിഷില്‍ എക്‌സൈസ് സൈക്കിളും വേഗത കൂടിയ സൈക്കിളുമുണ്ട്. രണ്ട് പേര്‍ സഞ്ചരിക്കുവാന്‍ കഴിയുന്ന ബൈക്ക് സൈക്കിളിന് മണിക്കൂറിന് 50 ദിര്‍ഹമും കുടുംബ സമേതം സഞ്ചരിക്കുവാന്‍ കഴിയുന്ന സൈക്കിളിന് 80 ദിര്‍ഹമുമാണ് വാടക. എക്‌സൈസ് സൈക്കിളിന് മോഡലുകള്‍ അനുസരിച്ച് 30 ദിര്‍ഹം മുതല്‍ 50 ദിര്‍ഹം വരെ മണിക്കൂറിന് വാടക നല്‍കണം. വൈകുന്നേരങ്ങളില്‍ സൈക്കിള്‍ പാതകളില്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെയും തിരക്കാണ്. സൈക്കിളുകളും ബൈക്കുകളും വാടകക്ക് നല്‍കുന്ന അഞ്ചോളം കേന്ദ്രങ്ങളാണ് കോര്‍ണീഷിലുള്ളത്. പുതിയ സൈക്കിളുകള്‍ക്കും ബൈക്കുകള്‍ക്കും കൂടിയ വാടക ഈടാക്കുമ്പോള്‍ പഴയതിന് കുറഞ്ഞ നിരക്കാണ്. സായാഹ്നത്തിലെ കടലിന്റെ ഭംഗി ആസ്വദിക്കാനും സവാരി നടത്തുവാനുമാണ് ആളുകള്‍ എത്തുന്നത്.