ശരീര ഭാരം കുറക്കല്‍; സമ്മാനദാനം 15ന്

Posted on: March 6, 2015 7:34 pm | Last updated: March 6, 2015 at 7:34 pm
SHARE

ദുബൈ: ശരീരഭാരം കുറച്ച് സ്വര്‍ണം നേടാന്‍ അവസരമൊരുക്കിയ നഗരസഭാ പദ്ധതിയുടെ സമ്മാനദാനം 15ന് നടക്കും. 2014 ജൂലായില്‍ ആയിരുന്നു മത്സരം. വിജയികളിലേറെയും ഇന്ത്യക്കാരാണെന്ന് ദുബൈ നഗരസഭ അറിയിച്ചു.
കുടുംബത്തോടൊപ്പവും വ്യക്തിഗതമായും പങ്കെടുക്കാമെന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മത്സരത്തിന്റെ സവിശേഷത. 28,000 പേര്‍ പങ്കെടുത്ത മത്സരത്തില്‍ 5,616 ഇന്ത്യക്കാര്‍ വിജയികളായി. 1,423 ഫിലിപ്പിനോകളും 387 പാകിസ്ഥാനികളും ശരീരഭാരം കുറച്ച് സ്വര്‍ണ സമ്മാനത്തിന് അര്‍ഹരായി.
സ്വദേശികളായ 146 പേരും വിജയികളായിട്ടുണ്ട്. 13 വയസ്സിന് മീതെ പ്രായമുള്ള ഇരുനൂറില്‍പ്പരം കുട്ടികളും സമ്മാനത്തിന് അര്‍ഹമായിട്ടുണ്ടെന്നതാണ് മറ്റൊരു സവിശേഷത. മൊത്തം വിജയികള്‍ക്കായി 60 ലക്ഷം ദിര്‍ഹം വിലവരുന്ന 40 കിലോ സ്വര്‍ണ നാണയങ്ങളാണ് വിതരണം ചെയ്യുന്നത്.
15ന് ഉച്ചയ്ക്ക് 12 മുതല്‍ സബീല്‍ പാര്‍ക്കിലാണ് സമ്മാനവിതരണം നടക്കുകയെന്ന് അസി. ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി ബിന്‍ സായിദ് അറിയിച്ചു. ഇതുസംബന്ധിച്ച് മത്സരാര്‍ഥികളെ ഇമെയില്‍ വഴി വിവരം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കിലോക്ക് മീതെ തൂക്കം കുറയ്ക്കുന്ന ഓരോരുത്തരും സമ്മാനത്തിന് അര്‍ഹരായിരിക്കും. കുടുംബത്തോടൊപ്പം പരിപാടിയില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും കുറയുന്ന ഓരോ കിലോയ്ക്കും രണ്ട് ഗ്രാം വീതമെന്ന തോതില്‍ സ്വര്‍ണ നാണയങ്ങള്‍ ലഭിക്കും.