അറസ്റ്റിലായ ബ്രിട്ടീഷ് വിമാന നിരീക്ഷകരെ അബുദാബിയിലേക്ക് മാറ്റിയേക്കും

Posted on: March 6, 2015 7:34 pm | Last updated: March 6, 2015 at 7:34 pm
SHARE

ദുബൈ: രാജ്യത്തെ നിയമങ്ങള്‍ പാലിക്കാതെ വിമാനങ്ങളെ നിരീക്ഷിക്കുകയും ജയിലിലാവുകയും ചെയ്ത ബ്രിട്ടീഷ് പൗന്മാരായ മൂന്നു വിമാന നിരീക്ഷകരെയും അബുദാബിയിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. ഫുജൈറയിലെ എമിറേറ്റ്‌സ് എയര്‍പോര്‍ട്ടിന് സമീപത്തു നിന്ന് വിമാനങ്ങളെ നിരീക്ഷിക്കവെയായിരുന്നു ഇവരെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ നിയമങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
വിമാന നീരിക്ഷണം ഹോബിയാക്കിയ കോണ്‍റാഡ് ക്ലിതെറോ(54), ഗാരി കൂപ്പര്‍(45), നെയില്‍ മുണ്‍റോ എന്നിവരാണ് ഫുജൈറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 22ന് ആയിരുന്നു ഇവര്‍ അറസ്റ്റിലായത്. കോണ്‍റാഡ് ഹൃദ്‌രോഗിയാണെന്നും ജയിലില്‍ ആവശ്യമായ വൈദ്യസഹായം ലഭ്യമാവുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഭാര്യ വലേറി വ്യക്തമാക്കിയത് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പിടിയിലായ മൂന്നു പേരും ഇപ്പോള്‍ ഫുജൈറ ജയിലിലാണ് കഴിയുന്നത്. ഈ ആഴ്ചയോ അടുത്ത ആഴ്ചയോ ഭര്‍ത്താവ് ഉള്‍പെടെയുള്ളവരെ അബുദാബിയിലെ ജയിലിലേക്ക് മാറ്റിയേക്കുമെന്ന് അദ്ദേഹവുമായി ടെലിഫോണില്‍ സംസാരിച്ചപ്പോള്‍ വ്യക്തമായതായി വലേറിയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഭര്‍ത്താവിന്റെ ആരോഗ്യ നിലയെക്കുറിച്ച് തനിക്കുള്ള ആശങ്ക തുടരുകയാണെന്നും അവര്‍ പറഞ്ഞു. അമിത രക്തസമ്മര്‍ദമുള്ളതും ഉത്കണ്ഠപ്പെടുത്തുന്ന കാര്യമാണെന്നും ബ്രിട്ടണിലെ മാഞ്ചസ്റ്ററില്‍ കഴിയുന്ന ഭാര്യ ടെലിഫോണ്‍ സംഭാഷണത്തില്‍ വിശദീകരിച്ചു. ജയില്‍ ഡോക്ടര്‍ മരുന്ന് നല്‍കിയിട്ടുണ്ടെങ്കിലും അത് അദ്ദേഹം പതിവായി കഴിക്കുന്ന ഗുളികകളല്ല, കേസിന്റെ കാര്യത്തില്‍ ഭര്‍ത്താവ് ഏറെ ഉത്്കണ്ഠാകുലനാണ്. ഓരോരുത്തര്‍ക്കും കോടതിചെലവും മറ്റുമായി കേസ് നടത്താന്‍ 25,300 ദിര്‍ഹം വീതമാണ് ചെലവഴിക്കേണ്ടത്. ഭര്‍ത്താവിനെ കേസില്‍ നിന്നു രക്ഷിക്കാന്‍ കടം വാങ്ങേണ്ട സ്ഥിതിയാണെന്നും വലേറിയ സൂചിപ്പിച്ചു.
കഴിഞ്ഞ മാസം 18നായിരുന്നു സുഹൃത്തായ കൂപ്പര്‍ക്കൊപ്പം അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍റാഡ് ദുബൈയില്‍ എത്തിയത്. രണ്ടു ദിവസം ദുബൈയിലെ ഹോട്ടലിലായിരുന്നു കഴിഞ്ഞത്. പിന്നീട് മുന്‍ സഹപ്രവര്‍ത്തകനായ മുണ്‍റോക്കൊപ്പം ഇവര്‍ ഫുജൈറയിലേക്കു പുറപ്പെട്ടത്. അന്നു വൈകുന്നേരമായിരുന്നു പോലീസ് അനുമതിയില്ലാത്ത സ്ഥലത്ത് ഫോട്ടയെടുത്തെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
ഇവരുടെ ഐ പാഡും മൊബൈല്‍ ഫോണും ക്യാമറയും അധികാരികള്‍ പരിശോധിച്ചിരുന്നു. ഇതില്‍ നിന്നു നിരോധിക്കപ്പെട്ട ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നതിനാല്‍ കേസില്‍ നിന്നു വൈകാതെ മോചനം ലഭിക്കുമെന്നാണ് മൂന്നു പേരും പ്രതീക്ഷിക്കുന്നത്.