എസ് എസ് എല്‍ സിക്ക് ഇത്തവണ 43,598 പേര്‍ പരീക്ഷയെഴുതും

Posted on: March 6, 2015 10:16 am | Last updated: March 6, 2015 at 10:16 am
SHARE

പാലക്കാട്:ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒമ്പതിനാണ് പരീക്ഷ ആരംഭിക്കുന്നത്. ഇത്തവണ 43,598പേരാണ് പരീക്ഷയെഴുതുന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 973വിദ്യാര്‍ഥികള്‍ ഈ വര്‍ഷം കൂടുതലാണ്. പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍നിന്ന് 21,035 പേരും ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍നിന്ന് 12,625പേരും മണ്ണാര്‍ക്കാട്ടുനിന്ന് 9,938 പേരും പരീക്ഷയെഴുതും. ഇത്തവണയും ഏറ്റവുമധികം വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്നത് പാലക്കാട് ഗവ. മോഡല്‍ മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്873പേര്‍. ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയില്‍ 798പേര്‍ പരീക്ഷക്കിരിക്കുന്ന പരുതൂര്‍ ഹൈസ്‌കുളാണ് ഒന്നാമത്. മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയില്‍ കുമരംപുത്തൂര്‍ കല്ലടി എച്ച്എസ്എസിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്കിരിക്കുന്നത്.
ഏഴുപേര്‍മാത്രം പരീക്ഷയെഴുതുന്ന ഒറ്റപ്പാലം ബധിരവിദ്യാലയത്തിലും യാക്കര ശ്രവണസംസാര സ്‌കൂളിലുമാണ് കുറവ്. ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ 58, പാലക്കാട്ടെ 96, മണ്ണാര്‍ക്കാട്ടെ 44 എന്നിങ്ങനെ 198 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. 20 കുട്ടികള്‍ക്ക് ഒരു ഇന്‍വിജിലേറ്റര്‍ എന്ന തോതിലാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ സ്‌കൂളിലും ചീഫ് ഇന്‍വിജിലേറ്ററും ഉണ്ടാകും. ഒമ്പതിന് പകല്‍ 1.45ന് മലയാളമാണ് ആദ്യപരീക്ഷ.ചോദ്യപേപ്പറുകള്‍ തരംതിരിച്ച് കെട്ടുകളാക്കി ട്രഷറികളിലും ബാങ്കുകളിലുമായി സൂക്ഷിച്ചിരിക്കുകയാണ്. പരീക്ഷാദിവസം രാവിലെ ഡിഡിഇ, ഡിഇഒ ഓഫീസുകളിലെ ജീവനക്കാര്‍ ചോദ്യപേപ്പര്‍ നേരിട്ട് സ്‌കൂളുകളിലെത്തിക്കും.വിജയശതമാനത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിറകില്‍ നില്‍ക്കുന്ന ജില്ലയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിച്ചുവരുന്നു. വിദ്യാഭ്യാസമേഖലയിലെ ഉന്നമനം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ഹരിശ്രീ, വിജയശ്രീ പദ്ധതികള്‍ വിജയകരമായി മുന്നേറുന്നു.
14ാം സ്ഥാനത്താണെങ്കിലും വിജയശതമാനത്തില്‍ പുരോഗതി ഉണ്ടാവുന്നുണ്ട്. 91.28ആണ് കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 2013ല്‍ ഇത് 87.8 ആയിരുന്നു. കഴിഞ്ഞ വര്‍ഷം 11 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 35 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തിരുന്നു.ഇത്തവണ വിജയശതമാനം ഉയര്‍ത്തുന്നതിന് സ്‌കുള്‍ കേന്ദ്രീകരിച്ച് നിശാക്ലാസുകളടക്കം സംഘടിപ്പിച്ച് വരുന്നുണ്ട്.