സംരക്ഷിക്കാന്‍ പദ്ധതികളില്ലാതെ ബാണാസുര മലനിര നാശത്തിലേക്ക്

Posted on: March 6, 2015 10:09 am | Last updated: March 6, 2015 at 10:09 am
SHARE

കല്‍പ്പറ്റ: കാട്ടുകുറിഞ്ഞികളുടെയും അപൂര്‍വ സസ്യങ്ങളുടെയും കലവറയായിരുന്ന ബാണാസുരമലകളെ സംരക്ഷിക്കുന്നതിന് ഒരു പദ്ധതിയും ഇല്ല. വേനല്‍ കനത്തതോടെ ബാണാസുരമലയിലെ ചോലവനങ്ങളും പുല്‍മേടുകളും കാട്ടുതീ ഭീഷണിയിലായിരിക്കുകയാണ്.

അമൂല്യമായ ജൈവവൈവിധ്യമാണ് വര്‍ഷം തോറും കാട്ടുതീയില്‍ ഭസ്മമാകുന്നത്.വനം സംരക്ഷണ സമിതികള്‍ ഇവിടെയുണ്ടെങ്കിലും ഇവര്‍ക്കൊന്നും കാട്ടുതീയില്‍നിന്ന് ഈ മലനിരകളെ സംരക്ഷിക്കാന്‍ പലപ്പോഴും കഴിയാറില്ല.
മാര്‍ച്ച് ആകുന്നതോടെ ഈ മലനിരകളില്‍ തീ ആളിപ്പടരും. തുടര്‍ച്ചയായി നിലയ്ക്കാത്ത തീ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ മലനിരകളെ ചാമ്പലാക്കും. പതിവു തെറ്റാതെ വരുന്ന കാട്ടുതീ നിയന്ത്രിക്കാന്‍ വനം വകുപ്പിന്റെ ഫയര്‍ ലൈന്‍ സംവിധാനങ്ങള്‍ക്കൊന്നും കഴിയുന്നില്ല. പലപ്പോഴും വനം കൊള്ളക്കാരാണ് പുല്‍മേടുകള്‍ക്ക് തീയിടുന്നത്. തെരുവപ്പുല്ലുകള്‍ കത്തിയമര്‍ന്നതിനുശേഷം ശക്തമായ കാറ്റില്‍ ചോലവനങ്ങളിലേക്കാണ് തീയാളുക.
കാട്ടരുവികളെല്ലാം ഇപ്പോള്‍ മഴക്കാലത്ത് മാത്രമാണ് ജീവന്‍ വീണ്ടെടുക്കുന്നത്. വേനല്‍ വരുമ്പോഴേക്കും ഇവയെല്ലാം കണ്ണടക്കും. ഇതോടെ താഴ് വാരങ്ങളെല്ലാം കടുത്ത വരള്‍ച്ചയുടെ പിടിയിലമരും. നൂറുകണക്കിന് മലയോര വാസികള്‍ കുടിവെള്ളത്തിന് വേനല്‍ക്കാലം മുഴുവന്‍ അലയുകയാണ്.കാട്ടുചോലകളുടെ സര്‍വനാശമാണ് ഇവിടെ വളരെ വേഗം വരള്‍ച്ചയെത്തിക്കുന്നത്. മഴക്കാലത്ത് പെയ്തുവീഴുന്ന മഴവെള്ളം നിമിഷങ്ങള്‍ക്കുള്ളില്‍തന്നെ താഴ് വാാരങ്ങളിലേക്ക് കുതിച്ചൊഴുകുന്നു.
മഴവെള്ളം സംഭരിക്കാന്‍ സഹായകരമായ അടിക്കാടുകള്‍ ഇല്ലാത്തതിനാല്‍ ശക്തമായ മണ്ണൊലിപ്പും ഇവിടെയുണ്ട്. ഇക്കാരണത്താല്‍ വേനലില്‍ തെളിനീര് ചുരത്തുന്ന ഉറവകളും കണ്ണടഞ്ഞു. വര്‍ഷംതോറും സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി വൃക്ഷതൈകള്‍ ഇവിടെ വനം വകുപ്പ് നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും ഇവയെല്ലാം വരള്‍ച്ചയെത്തുടര്‍ന്ന് ഉണങ്ങിപ്പോവുകയാണ്. ശേഷിക്കുന്നവ വേനലിലെത്തുന്ന കാട്ടുതീയില്‍ കത്തിയമരുകയും ചെയ്യുന്നു. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ പാഴാകുന്നത്.
വയനാടിന് കുളിരുള്ള കാലാവസ്ഥ പ്രദാനം ചെയ്യുന്നതില്‍ മുഖ്യപങ്കാണ് ബാണാസുര മലനിരകള്‍ക്കുള്ളത്. പശ്ചിമഘട്ടം പിന്നിട്ടെത്തുന്ന കാറ്റിനെ തടഞ്ഞുനിര്‍ത്തി വര്‍ഷത്തില്‍ 1,600 മില്ലിമീറ്റര്‍ മഴ ഇവിടെ ലഭിക്കുന്നതിന് ഈ പര്‍വതമാണ് സഹായിക്കുന്നത്. മഴക്കാലത്ത് മല ദുരന്തമേഖലയായി മാറുന്നു.ഉരുള്‍പൊട്ടല്‍ പതിവ് സംഭവമായി മാറി. ഇതിനിടയില്‍ ഖനന മാഫിയയും വെല്ലുവിളിയായി എത്തുന്നു.