മലയാള സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പ്: ജനാധിപത്യ വിദ്യാര്‍ഥി സഭക്ക് വിജയം: എസ് എഫ് ഐക്ക് തിരിച്ചടി

Posted on: March 6, 2015 10:05 am | Last updated: March 6, 2015 at 10:05 am
SHARE

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലാ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര വിദ്യാര്‍ഥി കൂട്ടായ്മയായ ജനാധിപത്യ വിദ്യാര്‍ഥി സഭക്ക് വന്‍ വിജയം. ഒമ്പത് ജനറല്‍ സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ എതിരില്ലാതെ മലയാളം സര്‍വകലാശാല ജാനാധിപത്യ വിദ്യാര്‍ഥി സഭയെ തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ 26നായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം. 24 സീറ്റിലേക്കാണ് ഇരു മുന്നണികളും പത്രിക സമര്‍പ്പിച്ചത്. ജനാധിപത്യ വിദ്യാര്‍ഥി സഭ-13, എസ് എഫ് ഐ-11 സീറ്റുകള്‍ നേടി. വിജയിച്ച ഇരുത്തിനാല് പേരില്‍ നിന്നുമാണ് ഒമ്പത് ജനറല്‍ സീറ്റിലേക്കുള്ള മത്സരം നടക്കുക. പരാജയം മുന്നില്‍ കണ്ട് ജനറല്‍ സീറ്റിലേക്കുള്ള യൂനിയന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നിന്നും എസ് എഫ് ഐ പിന്തിരിയുകയായിരുന്നു. 1.30 വരെ ജനറല്‍ സീറ്റിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സമയമുണ്ടായെങ്കിലും എസ് എഫ് ഐ പ്രവര്‍ത്തകര്‍ നോമിനേഷന്‍ സമര്‍പ്പിക്കാന്‍ എത്തിയില്ല. ഇതേ തുടര്‍ന്ന് 2.30ന് യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഉമറുല്‍ ഫാറൂഖ്, റിട്ടേണിംഗ് ഓഫീസര്‍ ഡോ. എം ശ്രീനാഥന്‍ എന്നിവര്‍ സ്വതന്ത്ര വിദ്യാര്‍ഥി സഭ എതിരില്ലാതെ തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.
സംസ്ഥാനത്തെ മിക്ക കോളജുകളിലും മലയാള വിഭാഗം എസ് എഫ് ഐയുടെ കുത്തകയാണെന്നിരിക്കെയാണ് മലയാളം സര്‍വകലാശാലയില്‍ എസ് എഫ് ഐക്ക് തിരിച്ചടി നേരിട്ടത്. രണ്ട് തവണ യൂനിയന്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചത് എസ് എഫ് ഐയുടെ തിരഞ്ഞെടുപ്പിലെ പരാജയ ഭീതിയാണെന്ന് യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു. ക്യാമ്പസിലെ അക്രമ രാഷ്ട്രീയം മുതല്‍ ആനുകാലിക രാഷ്ട്രീയം വരെ തിരഞ്ഞെടുപ്പ് ക്യാമ്പയിനുകളില്‍ വിഷയങ്ങളായിരുന്നു. കെ എസ് യു, എം എസ് എഫ്, സ്വതന്ത്രര്‍ അടങ്ങിയ കൂട്ടായ്മയാണ് ജനാധിപത്യ വിദ്യാര്‍ഥി സഭ. മലയാളം സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പില്‍ വിജയികളായ ജനാധിപത്യ വിദ്യാര്‍ഥി സഭ പ്രവര്‍ത്തകര്‍: കാവ്യ എം ജെ( ചെയര്‍ പേഴ്‌സണ്‍), അലി ടി കെ( വൈസ് ചെയര്‍മാന്‍), സജിത കെ വി (വൈസ് ചെയര്‍ പേഴ്‌സണ്‍), ഇര്‍ഷാദ് വി( ജനറല്‍ സെക്രട്ടറി), അശ്വതി ജി വി, അഞ്ജുഷ(ജോ.സെക്രട്ടറിമാര്‍), മിന്‍ഹ മറിയം താപ്പി (മാഗസിന്‍ എഡിറ്റര്‍), സായിക്കുട്ടന്‍ വി പി( ജനറല്‍ ക്യാപ്റ്റന്‍), ശരണ്യ സി പി( ആര്‍ട്‌സ് സെക്രട്ടറി).