റോഡിന് പണം അനുവദിച്ചിട്ടും നിര്‍മാണം തുടങ്ങിയില്ല

Posted on: March 6, 2015 10:01 am | Last updated: March 6, 2015 at 10:01 am
SHARE

പെരിന്തല്‍മണ്ണ: വെട്ടത്തൂര്‍-മണ്ണാര്‍മല, കാഞ്ഞിരക്കുളം-കോവിലകം റോഡിന് സര്‍ക്കാര്‍ നാല് ലക്ഷം രൂപ അനുവദിച്ചുവെങ്കിലും റോഡ് നിര്‍മാണം ആരംഭിച്ചിട്ടില്ല. അതേ സമയം ഇത്രയും തുകയുടെ പ്രവൃത്തി മറ്റെവിടെയോ പൂര്‍ത്തീകരിച്ചതായി വെട്ടത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
2014 ഫെബ്രുവരി 22നാണ് സര്‍ക്കാര്‍ റോഡിന്റെ പ്രവൃത്തിക്കായി നാല് ലക്ഷം രൂപ അനുവദിച്ചത്. നാളിതുവരെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാതിരുന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ഈ തുകയുടെ പ്രവര്‍ത്തി മറ്റെവിടെയോ പൂര്‍ത്തീകരിച്ചതായറിയുന്നത്. പഞ്ചായത്ത് അംഗങ്ങള്‍ക്കും ഇതിനെ കുറിച്ചറിയില്ലത്രെ. ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്നു ഈ റോഡ്. ഈ പ്രവൃത്തിയുടെ ബില്‍ പാസാക്കി നല്‍കിയിട്ടില്ലെങ്കില്‍ തടയണമെന്നും നല്‍കിയിട്ടുണ്ടെങ്കില്‍ ഉടനെ തിരിച്ച് പിടിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. റോഡിന്റെ നിര്‍മാണത്തിനാവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നും മണ്ണാര്‍മലയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു. വെട്ടത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം ടി അബ്ദു യോഗത്തില്‍ അധ്യക്ഷത വഹിച്ചു.