പോഷകാഹാര വിതരണം ബിനാമികള്‍ക്ക് നല്‍കാന്‍ നീക്കം

Posted on: March 6, 2015 9:59 am | Last updated: March 6, 2015 at 9:59 am
SHARE

വേങ്ങര: ഗ്രാമ പഞ്ചായത്തിലെ അങ്കണ്‍വാടികളിലേക്ക് വിതരണം ചെയ്യുന്ന പോഷകാഹാരങ്ങളുടെ വിതരണ ചുമതല സപ്ലൈകോയില്‍ നിന്ന് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കുടുംബശ്രീക്ക് നല്‍കാന്‍ തീരുമാനം.
പ്ലാനുംഗ് ഫണ്ട് ഉപയോഗിച്ച് അങ്കണ്‍വാടികള്‍ക്ക് നല്‍കി വരുന്ന വന്‍ തുകയുടെ ധാന്യങ്ങളുടെയും പോഷകാഹാരങ്ങളുടെയും വിതരണമാണ് സ്വകാര്യ വ്യക്തികളുടെ സാമ്പത്തിക നേട്ടത്തിനായി കുടുംബശ്രീയുടെ മറവില്‍ ദുരൂപയോഗം ചെയ്യുന്നത്. അങ്കണ്‍വാടി കുട്ടികള്‍ക്ക് വേണ്ടിയുളള ഗോതമ്പ് നുറുക്ക്, കടല, ചെറുപയര്‍, ശര്‍ക്കര, വെളിച്ചെണ്ണ, അവില്‍ തുടങ്ങിയവയും കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുളള ഗോതമ്പ്, ശര്‍ക്കര, രാഗി, തുടങ്ങിയവയും വിതരണം ചെയ്യാനുളള ചുമതലയുമാണ് അഴിമതിക്ക് വകവെക്കുന്നത്. ഗ്രാമ പഞ്ചായത്തിലെ 23 വാര്‍ഡുകളിലായി 39 അങ്കണ്‍വാടികളാണ് നിലവിലുളളത്. ഇതിലേക്കുള്ള ഫണ്ട് ചിലവിടുന്നത് അതത് ഗ്രാമ പഞ്ചായത്തുകളും നിര്‍വഹണം നടത്തുന്നത് ഐ സി ഡി എസുമാണ്. പദ്ധതി തുടക്കം മുതലെ വിതരണത്തിനുളള ചുമതല വേങ്ങര ഗ്രാമ പഞ്ചായത്ത് സപ്ലൈകോയുടെ വേങ്ങരയിലെ മാവേലി സ്‌റ്റോറിനെയാണ് ഏല്‍പിച്ചിരുന്നത്. പ്രതി മാസം ശരാശരി അഞ്ച് ലക്ഷം രൂപയുടെ ഭക്ഷണ സാധനങ്ങളാണ് സ്‌പ്ലൈകോ വിതരണം ചെയ്ത് വന്നിരുന്നത്. കഴിഞ്ഞ ഡിസംബര്‍ 23നാണ് അവസാനമായി വേങ്ങരയിലെ അംഗന്‍വാടികള്‍ക്ക് സപ്ലൈകോ സാധനങ്ങള്‍ എത്തിച്ചിരുന്നത്.
ശേഷം ഗ്രാമ പഞ്ചായത്ത് അധികൃതരുടെ താല്‍പര്യം പ്രകാരം മറ്റൊരു വ്യക്തിയാണ് കഴിഞ്ഞ മാസം ഭഷ്യ വസ്തുക്കളുടെ വിതരണം നടത്തിയത്. വിതരണ ഏജന്‍സി മാറിയതോടെ കഴിഞ്ഞ മാസം അംഗന്‍വാടികളില്‍ ലഭ്യമായ ഭഷ്യ വസ്തുക്കള്‍ ഗുണ നിലവാരം കുറഞ്ഞതാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കുടുംബ ശ്രീ യൂനിറ്റിനെ പരിപോഷിപ്പിക്കാണെന്ന പേരിലാണ് പത്ത്മൂച്ചിയിലെ കുടുംബശ്രീ യൂനിറ്റിന് അങ്കണ്‍വാടികളിലേക്കുളള ഭക്ഷ്യ വസ്തുക്കളുടെ വിതരണ ചുമതല കൈമാറാന്‍ ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചത്. എന്നാല്‍ ദൗത്യം നല്‍കിയ സംഘത്തിന് യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ല. ഗോഡൗണ്‍, പാക്കിംഗ്, വിതരണ സംവിധാനം തുടങ്ങിയവ ഒന്നുമില്ലാത്ത കുടുംബ ശ്രീ യൂനിറ്റിനെ മറയാക്കി ബിനാമികള്‍ വിതരണം ഏറ്റെടുത്ത് നടത്താനാണ് നീക്കം. ഇതുമൂലം വന്‍ അഴിമതിക്ക് കളമൊരുങ്ങുമെന്നാണ് അക്ഷേപം.