Connect with us

Kozhikode

പത്തംഗ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് രൂപവത്കരിച്ചു

Published

|

Last Updated

കോഴിക്കോട്: പുതുതായി മൂന്ന് പേരെ ഉള്‍പ്പെടുത്തി പത്തംഗ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് രൂപവത്കരിച്ചു. മുന്‍ മേയറും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായിരുന്ന ടി പി ദാസന്‍, സി ഐ ടി യു ജില്ലാ പ്രസിഡന്റ് വി പി കുഞ്ഞികൃഷ്ണന്‍, മുന്‍ തിരുവമ്പാടി എം എല്‍ എ ജോര്‍ജ് എം തോമസ് എന്നിവരെയാണ് ജില്ലാ സെക്രട്ടേറിയറ്റിലുള്‍പ്പെടുത്തിയത്. ജില്ലാ സെക്രട്ടറി മോഹനനെ കൂടാതെ എം ഭാസ്‌ക്കരന്‍, പി വിശ്വന്‍, സി ഭാസ്‌ക്കരന്‍, കെ ചന്ദ്രന്‍ മാസ്റ്റര്‍, കെ പി കുഞ്ഞമ്മദ്കുട്ടി, എം മെഹബൂബ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. നേരത്തെ സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്ന ടി പി ബാലകൃഷ്ണന്‍ നായരെ ആരോഗ്യകാരണങ്ങളാല്‍ ഒഴിവാക്കി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത യോഗത്തിലാണ് പുതിയ ജില്ലാ സെക്രട്ടേറിയറ്റ് രൂപവത്കരിച്ചത്.
ഐസ്‌ക്രീം പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് മാറ്റപ്പെട്ട ടി പി ദാസന്‍ ഒന്നര വര്‍ഷത്തിനുള്ളിലാണ് പാര്‍ട്ടി ടൗണ്‍ ഏരിയാ കമ്മിറ്റിയിലും പിന്നീട് ജില്ലാ കമ്മിറ്റിയിലും ഇപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റിലുമെത്തിയിരിക്കുന്നത്. ഐസ്‌ക്രീം ആരോപണം കത്തിനില്‍ക്കെ ഗ്രൂപ്പ് വൈരത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ദാസന്‍ പുറന്തള്ളപ്പെടുകയായിരുന്നു. അന്ന് വി എസ് പക്ഷക്കാരനായിരുന്ന ദാസനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ അന്നത്തെ നായനാര്‍ പക്ഷമാണ് കരുക്കള്‍ നീക്കിയത്. അക്കാലത്ത് പാര്‍ട്ടിയില്‍ പരേതനായ എം ദാസനും ടി പി ദാസനുമായിരുന്നു ജില്ലയിലെ പ്രധാന നേതാക്കള്‍. പുറത്താക്കപ്പെടുമ്പോള്‍ ടി പി ദാസന്‍ ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്നു. വീണ്ടും അദ്ദേഹം തിരിച്ചെത്തുന്നതോടെ ജില്ലയിലെ പ്രധാന നേതാക്കളില്‍ ഒരാളായി ദാസന്‍ മാറിയിരിക്കുകയാണ്. ടി പി ദാസന്‍. പിണറായി വിജയന്‍, ഇ പി ജയരാജന്‍ തുടങ്ങിയവരോടൊപ്പം കെ എസ് വൈ എഫ് ഭാരവാഹിയുമായിരുന്നു ദാസന്‍.
ജില്ലാ സെക്രട്ടേറിയറ്റ് രൂപവത്കരണ യോഗത്തില്‍ ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കോടിയേരിയെ കൂടാതെ സംസ്ഥാന ഭാരവാഹികളായ വി വി ദക്ഷിണാമൂര്‍ത്തി, എളമരം കരീം പങ്കെടുത്തു.

Latest