അസം സ്വദേശിയുടെ കൊലപാതകം: മുഖ്യ പ്രതി അറസ്റ്റില്‍; രണ്ട് പേര്‍ നാട്ടിലേക്ക് കടന്നു

Posted on: March 6, 2015 9:56 am | Last updated: March 6, 2015 at 9:56 am
SHARE

മലപ്പുറം: അസം സ്വദേശിയായ ഉപ്പു ബര്‍മനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. ഹരിലാല്‍ ബര്‍മന്‍ (24) ആണ് അറസ്റ്റിലായത്. മുണ്ടുപറമ്പില്‍ കെ എസ് ഇ ബിക്ക് പിറക് വശത്തെ തെങ്ങിന്‍തോപ്പില്‍ വെച്ച് മൂന്ന് പേര്‍ ചേര്‍ന്നാണ് ഉപ്പുബര്‍മനെ കൊലപ്പെടുത്തിയത്. സുഹൃത്തുക്കളായ ഗുണോ ബര്‍മന്‍ (26), ഗാജല്‍ ബര്‍മന്‍ (24) എന്നിവരെ കൂടി പിടികൂടാനുണ്ട്. ഇവര്‍ നാട്ടിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. ഇവരെ പിടികൂടാന്‍ അസമിലേക്ക് പോകുമെന്ന് അന്വേഷണ ചുമതല വഹിക്കുന്ന സി ഐ. ആര്‍ അശോകന്‍ പറഞ്ഞു.
മൂന്ന് പേരും ചേര്‍ന്ന് ബലം പ്രയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിടിയിലായ പ്രതി ഹരിലാല്‍ ബര്‍മനെ മൃതദേഹം കാണപ്പെട്ട മലപ്പുറം മുണ്ടുപ്പറമ്പ് യതീംഖാന റോഡിലെ ഒഴിഞ്ഞ പറമ്പില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ഉപ്പുബര്‍മനും ഹരിലാല്‍ ബര്‍മനും താമസിച്ചിരുന്ന മുണ്ടുപറമ്പിലെ ക്വാട്ടേഴ്‌സിലും കൊണ്ടുവന്നു. കൊലപാതകത്തിന് ശേഷം എ ടി എം കാര്‍ഡ് കൈവശപ്പെടുത്തുകയും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത ശേഷം വലിച്ചെറിയുകയായിരുന്നു. കൊലപാതകത്തിനിടെ ഹരിലാലിന്റെ കണ്ണിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കണ്ണിന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ചികിത്സ തേടിയ ശേഷമാണ് പ്രതി ഹരിലാല്‍ ബര്‍മന്‍ നാട്ടിലേക്ക് പോയത്. ഇവിടെ നിന്നാണ് ആദ്യമായി പണം പിന്‍വലിക്കുന്നതും. തുടര്‍ന്ന് മലപ്പുറത്തെത്തിയ ഹരിലാല്‍ മലപ്പുറത്തു നിന്നും പതിനായിരം രൂപ പിന്‍വലിച്ചു. അന്നു തന്നെ ട്രെയിന്‍ വഴി നാട്ടിലേക്ക് കടക്കാനായി പാലക്കാട്ടെത്തിയ ഹരിലാല്‍ അവിടെ നിന്നും മുവ്വായിരം രൂപ പിന്‍വലിച്ചു. സംഭവത്തില്‍ സംശയം തോന്നാതിരിക്കാന്‍ മറ്റു രണ്ട് പേരും ഇവിടെ തന്നെ നിന്നു. ഉപ്പുവിനെ കാണാനില്ലെന്ന വിവരം ഉപ്പുവിന്റെ തിരൂരിലുള്ള ജ്യേഷ്ഠനെ അറിയിച്ചത് ഇവരാണ്. 24നാണ് ജീര്‍ണിച്ച നിലയിലുളള ഉപ്പുവിന്റെ മൃതദേഹം കണ്ടെത്തുന്നത്. ഇതിന്റെ രണ്ട് ദിവസം മുമ്പ് തന്നെ ഇവര്‍ മുണ്ടുപറമ്പില്‍ നിന്നും മുങ്ങിയിരുന്നു. 17നാണ് ജ്യേഷ്ഠന്‍ മലപ്പുറം പോലീസില്‍ പരാതി നല്‍കുന്നത്. പരാതി ലഭിച്ചതു മുതല്‍ തന്നെ ഹരിലാലിനെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം. തന്റെ എ ടി എം പിന്‍ നമ്പര്‍ ഹരിലാല്‍ ബര്‍മന് അറിയാമെന്നും അതിന് എന്തെങ്കിലും ചെയ്യണമെന്നും തന്നോട് പറഞ്ഞിരുന്നതായി സഹോദരന്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മഞ്ചേരി എ ടി എം കാര്‍ഡ് കൗണ്ടറില്‍ നിന്നും പണം പിന്‍വലിക്കുന്ന സി സി ടി വി ദൃശ്യമാണ് പോലീസിന് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്.
കൊലപാതകത്തിന് ശേഷം നാട്ടിലേക്ക് മുങ്ങിയ പ്രതിയെ അന്വേഷിച്ച് പോലീസ് അസമിലെത്തിയിരുന്നു. ഭൂട്ടാന്‍ അതിര്‍ത്തി ഗ്രാമമായ സൈദാപൂരില്‍ നിന്നാണ് സി ഐ. ആര്‍ അശോകന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.