കുടിവെള്ളം മുടങ്ങിയിട്ട് ആഴ്ചകള്‍; പൊറ്റമ്മലില്‍ നാട്ടുകാരുടെ പ്രതിഷേധം

Posted on: March 6, 2015 9:53 am | Last updated: March 6, 2015 at 9:53 am
SHARE

കോഴിക്കോട്: കുടിവെള്ളം ആവശ്യപ്പെട്ട് പൊറ്റമ്മലില്‍ നാട്ടുകാരുടെ പ്രതിഷേധം. ആഴ്ചകളായി മുടങ്ങിയ കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊറ്റമ്മല്‍ ന്യൂ വാട്ടര്‍ ടാങ്ക് ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് വാട്ടര്‍ ടാങ്കിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ അരങ്ങേറിയത്. ജപ്പാന്‍ കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്തിട്ടും വാട്ടര്‍ അതോറിറ്റിയുടെ 36 ലക്ഷം ലിറ്ററിന്റെ ഒരു ടാങ്ക് ഉപയോഗിച്ചിട്ടും ഇവിടത്തെ മൂന്നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
കിണറുകള്‍ പോലും ഇല്ലാത്ത പ്രദേശത്ത് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം മാത്രമാണ് ആശ്രയം. പൈപ്പില്‍ നിന്നും വെള്ളം ലഭിക്കാതായതോടെ കുടിക്കാന്‍ വന്‍ തുക കൊടുത്ത് വെള്ളം വാങ്ങുകയാണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ പങ്കെടുത്ത പ്രതിഷേധ ധര്‍ണ വാര്‍ഡ് കൗണ്‍സിലര്‍ ചേമ്പില്‍ വിവേകാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വി പി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. എ അസ്മത്തുല്ലഖാന്‍, ആര്‍ സന്തോഷ്‌കുമാര്‍, സ്മിത, ഇ ജയരാജന്‍ പ്രസംഗിച്ചു.