വിവാഹം: വ്യക്തിനിയമം അവലംബിക്കാന്‍ ആകില്ലെന്ന് കോടതി

Posted on: March 6, 2015 12:34 am | Last updated: March 6, 2015 at 12:34 am
SHARE

ചെന്നൈ: പതിനെട്ട് വയസ്സ് തികയാത്ത പെണ്‍കുട്ടികളെ ഋതുമതിയായതിനു പിന്നാലെ വിവാഹം കഴിപ്പിക്കുന്നതിന് മുസ്‌ലിംകള്‍ക്ക് വ്യക്തിനിയമം അവലംബിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം വിവാഹം പെണ്‍കുട്ടികളുടെ ആരോഗ്യം പരിഗണിക്കാത്തതും സ്ത്രീകളുടെ അന്തസ്സ് ഇടിക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു. ശൈശവ വിവാഹം തടയല്‍ നിയമത്തിന് വിരുദ്ധവുമാണ് അതെന്ന് ബഞ്ച് വ്യക്തമാക്കി.
പേരാമ്പലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ചോദ്യം ചെയ്ത് മുസ്‌ലിം കുടുംബം സമര്‍പ്പിച്ച ക്രിമിനല്‍ പുനഃപരിശോധനാ ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം ജില്ലാ ശിശുക്ഷേമ ഓഫീസര്‍ തടഞ്ഞിരുന്നു. ഈ നടപടി ശരിവെക്കുകയാണ് മജിസ്‌ട്രേറ്റ് കോടതി ചെയ്തത്.