വിവാഹത്തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

Posted on: March 6, 2015 4:59 am | Last updated: March 6, 2015 at 12:00 am
SHARE

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വിവാഹത്തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിലായി. കൊല്ലം കിളികൊല്ലൂര്‍ കമലവിലാസം ബാലചന്ദ്രന്‍ പിള്ളയുടെ മകന്‍ ബി അരുണ്‍ (29) ആണ് പിടിയിലായത്. ചങ്ങനാശേരി സ്വദേശിനിയെ വിവാഹവാഗ്ദാനം ചെയ്ത കബളിപ്പിച്ച കേസില്‍ പാലാരിവട്ടം എസ് ഐ. പി പി ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റൊരു വിവാഹത്തട്ടിപ്പ് കേസില്‍ കഴിഞ്ഞ മാസം 25ന് അറസ്റ്റിലായ അരുണ്‍ തിരുവനന്തപുരം പൂജപ്പുര ജയിലില്‍ റിമാന്‍ഡില്‍ കഴിയവേയാണ് പാലാരിവട്ടം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ട് മാസം മുമ്പ് ചങ്ങനാശേരി കുറിച്ചി സ്വദേശിനിയെ വിവാഹവാഗ്ദാനം ചെയ്ത് എറണാകുളം നോര്‍ത്തിലെ ലോഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിച്ച അരുണ്‍ അവരില്‍ നിന്ന് 5,000 രൂപ വാങ്ങി സ്ഥലംവിട്ടു. തുടര്‍ന്ന് യുവതി നോര്‍ത്ത് സി ഐക്കു പരാതി നല്‍കി. ഈ കേസിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എല്ലാ ജില്ലയിലും അരുണ്‍ നിരവധി വിവാഹതട്ടിപ്പുകള്‍ നടത്തിയതായി പോലീസ് പറഞ്ഞു. നിര്‍ധന കുടുംബത്തില്‍പ്പെട്ടവരാണ് തട്ടിപ്പിന് ഇരയായത്. ചിലര്‍ മാനഹാനി ഭയന്നു പുറത്തു പറയാനും പരാതിപ്പെടാനും മുതിര്‍ന്നില്ല. പത്രങ്ങളില്‍ വരുന്ന വിവാഹപരസ്യത്തിലെ വിലാസത്തില്‍ ബന്ധപ്പെട്ടശേഷം വധുവിന്റെ വീട്ടുകാരുമായി വിവാഹം ഉറപ്പിക്കും. വിവാഹശേഷം യുവതികളെ ലോഡ്ജിലും മറ്റും താമസിപ്പിച്ച് സ്വര്‍ണവും പണവും അപഹരിച്ച് കടന്നുകളയുകയാണ് പതിവ്.