കോഴ: ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ കേന്ദ്ര ഏജന്‍സിയെ സമീപിച്ചേക്കും

Posted on: March 6, 2015 4:59 am | Last updated: March 5, 2015 at 11:59 pm
SHARE

തിരുവനന്തപുരം: ബാര്‍ കോഴ കേസ് അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികളെ സമീപിക്കാന്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ നീക്കം തുടങ്ങി. അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ നേതൃത്വത്തിലാണ് നീക്കം നടത്തുന്നത്.
സി ബി ഐ, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍, ഡി ആര്‍ ഐ എന്നീ ഏജന്‍സികളെ സമീപിക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി അസോസിയേഷന്റെ യോഗം ഈ മാസം 10ന് കൊച്ചിയില്‍ ചേരും. ബാര്‍കോഴ കേസിന്റെ പുരോഗതി ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
ബാര്‍ കോഴ കേസിലെ വിജിലന്‍സ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്ന ബിജു രമേശിന്റെ ആവശ്യം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം അവസാനിപ്പിച്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സിയെ സമീപിക്കാന്‍ നീക്കം നടത്തുന്നത്. അതേസമയം, ലോകായുക്തയെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു ആരോപിച്ചു.
മൊഴി മാറ്റിപ്പറയാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് മേല്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദമാണുള്ളത്. ബാര്‍കോഴ കേസില്‍ വിധി കേള്‍ക്കുന്ന ജഡ്ജി പയസ് കുര്യാക്കോസ്, മന്ത്രി കെ എം മാണിയുടെ വിശ്വസ്തനാണ്. കേസ് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡി ജി പിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. അസോസിയേഷനിലെ ഭൂരിഭാഗം അംഗങ്ങളുടെയും പിന്തുണ തനിക്കുണ്ടെന്നും ബിജു പറയുന്നു.