ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കും

Posted on: March 6, 2015 5:47 am | Last updated: March 5, 2015 at 11:48 pm
SHARE

കോട്ടയം: ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്കും പരിശീലകര്‍ക്കും മാനേജര്‍മാര്‍ക്കും സര്‍ക്കാര്‍ പാരിതോഷികം നല്‍കി ആദരിക്കും. കോട്ടയം പൊലിസ് പരേഡ് ഗ്രൗണ്ടില്‍ നാളെ അഞ്ചിന് പാരിതോഷികം വിതരണം ചെയ്യും. മെഡല്‍ നേടിയ കേരള ടീമിലെ താരങ്ങള്‍ക്ക് 7.76 കോടിയും പരിശീലകര്‍ക്കും മാനേജര്‍മാര്‍ക്കുമായി 82.65 ലക്ഷം രൂപയുമാണ് വിതരണം ചെയ്യുന്നത്.
ഗെയിംസിലെ വ്യക്തിഗത ചാമ്പ്യനായ സജന്‍ പ്രാകാശിന് 33 ലക്ഷം നല്‍കും. കനോയിംഗ് കയാക്കിംഗ്താരം നിത്യാ കുര്യാക്കോസിന് 19.50 ലക്ഷവും സൈക്ലീംഗ് താരങ്ങളായ മഹിതാ മോഹന് 16 ലക്ഷവും വി രജനിക്ക് 13 ലക്ഷവും നല്‍കും. റോവിംഗ് താരം ഡെസിമോള്‍ വര്‍ഗീസിന് 11.50 ലക്ഷമാണ് പാരിതോഷികമായി നല്‍കുന്നത്. അത്‌ലറ്റിക് താരങ്ങളായ അനുരാഘവന്‍, ഒ പി ജെയ്ഷ, വി ശാന്തിനി എന്നിവര്‍ക്കും സൈക്ലിംഗ് താരം കെസിയ വര്‍ഗീസിനും ഷൂട്ടിംഗ് താരം എലിസബത്ത് സൂസന്‍ കോശിക്കും 10 ലക്ഷം വീതവുംനല്‍കും.വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണം നേടിയവര്‍ക്ക് അഞ്ചു ലക്ഷവും വെള്ളി ജേതാക്കള്‍ക്ക് മൂന്ന് ലക്ഷവും വെങ്കല മെഡല്‍ നേടിയവര്‍ക്ക് രണ്ടു ലക്ഷവും വീതമാണ് നല്‍കുന്നത്.മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.