Connect with us

Ongoing News

പലിശ കുറക്കാത്ത ബേങ്കുകള്‍ക്കെതിരെ നടപടിവേണം: ചേംബര്‍ ഓഫ് കൊമേഴ്‌സ്

Published

|

Last Updated

തിരുവനന്തപുരം: റിപ്പോ നിരക്കുകളില്‍ വരുത്തിയ കുറവിനനുസരിച്ച് പലിശ നിരക്ക് കുറക്കാത്ത ബേങ്കുകള്‍ക്കെതിരെ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ആവശ്യപ്പെട്ടു. കൊള്ളപ്പലിശ ഈടാക്കി ലാഭക്കണക്കില്‍ വര്‍ധന കാണിക്കാനുള്ള ബേങ്കുകളുടെ ശ്രമത്തില്‍ വാണിജ്യ, വ്യവസായ മേഖലയ്ക്കാണ് കനത്ത ആഘാതമേല്‍ക്കുന്നതെന്ന് ചേംബര്‍ ചെയര്‍മാന്‍ മാത്യു ജോര്‍ജ് കുരുവിത്തടം പറഞ്ഞു.

രണ്ടു മാസത്തിനിടയില്‍ രണ്ടു തവണയാണ് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ നിരക്കു കുറച്ചത്. റീപ്പോ നിരക്ക് ജനുവരിയില്‍ എട്ടില്‍ നിന്നും 7.75 ശതമാനമാക്കിയെങ്കിലും ഇതനുസരിച്ച് വായ്പാ നിരക്കുകളില്‍ കുറവ് വരുത്താതെ ബേങ്കുകള്‍ ഒത്തുകളിക്കുകയാണ്. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതില്‍ ദേശസാല്‍കൃത, സ്വകാര്യ ബേങ്കുകള്‍ മത്സരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് കനത്ത തിരിച്ചടി നേരിടുന്ന കേരളത്തിലെ വാണിജ്യ, വ്യവസായമേഖലയെ കൂടുതല്‍ പിന്നോട്ടടിപ്പിക്കുന്നതാണ് ബേങ്കുകളുടെ സമീപനം. റബര്‍ അടക്കമുള്ള കാര്‍ഷികരംഗത്തും വ്യാവസായിക ഉല്‍പ്പാദനത്തിലും സേവന മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. മൂലധന, പണ ലഭ്യതയിലെ കുറവ് നികത്താന്‍ പലിശ നിരക്കിലെ കുറവ് സഹായകമാകുമെന്ന പ്രതീക്ഷയും ബാങ്കുകളുടെ നിസഹകരണം മൂലം ഇല്ലാതായി. നിരക്കുകളില്‍ റിസര്‍വ് ബേങ്ക് വര്‍ധന വരുത്തിയ ഘട്ടങ്ങളിലെല്ലാം വായ്പാ നിരക്കുകളില്‍ വര്‍ധന വരുത്താന്‍ വാണിജ്യ ബേങ്കുകള്‍ ഒട്ടും മടിച്ചിരുന്നില്ലെന്നും ചേംബര്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ നിന്നുള്ള ആദായനികുതി പിരിവില്‍ സംഭവിച്ചിരിക്കുന്ന കുറവ് വാണിജ്യ, വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. നിര്‍മാണ മേഖലയിലെ മാന്ദ്യം, മദ്യനയത്തെ തുടര്‍ന്ന് ടൂറിസം രംഗത്തുണ്ടായിരിക്കുന്ന തിരിച്ചടി തുടങ്ങിയവയ്‌ക്കൊപ്പം പണലഭ്യതയിലെ കുറവ് മൂലം വിവിധ ബിസിനസ് മേഖലകള്‍ നേരിടുന്ന തളര്‍ച്ചയും ഇതിന് കാരണമാണ്. രാജ്യത്തെ മറ്റ് നഗരങ്ങളില്‍ നികുതി പിരിവില്‍ വര്‍ധനയുണ്ടായപ്പോള്‍ കൊച്ചിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 1.2 ശതമാനം കുറവ് ആദായനികുതിയാണ് പിരിഞ്ഞു കിട്ടിയിരിക്കുന്നത്. മറ്റ് നികുതികളിലും ആനുപാതികമായ കുറവുണ്ടായിട്ടുണ്ടെന്ന് ചേംബര്‍ ചെയര്‍മാന്‍ പറഞ്ഞു.

Latest