Connect with us

International

ന്യൂയോര്‍ക്കിലെ പബ്ലിക് സ്‌കൂളുകളില്‍ ചെറിയപെരുന്നാളും ബലിപെരുന്നാളും ഇനി പൊതു അവധി

Published

|

Last Updated

ന്യൂയോര്‍ക്ക്: 2015-2016 വര്‍ഷത്തില്‍ ചെറിയ പെരുന്നാളിനും ബലിപെരുന്നാളിനും ന്യൂയോര്‍ക്കിലെ പബ്ലിക് സ്‌കൂളുകള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മേയര്‍ ബില്‍ ദി ബ്ലാസിയോ നല്‍കിയ വാഗ്ദാനമാണ് നിറവേറ്റിയത്. ഈ വര്‍ഷം സെപ്തംബര്‍ 24നാണ് കലണ്ടര്‍ തീയതി അനുസരിച്ച് ബലി പെരുന്നാള്‍ വരുന്നത്. 2016ലെ വേനല്‍ക്കാലത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ചെറിയ പെരുന്നാളിനും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിന്റെ നാനാത്വത്തിന്റെ ഭാഗമായുള്ള സാധാരണ നടപടിയെന്നാണ് മേയര്‍ ഇതിനെ വിശേഷിപ്പിച്ചത്. ന്യൂയോര്‍ക്കിലെ പതിനായിരക്കണക്കിന് മുസ്‌ലിംകള്‍ക്ക് ഇനി ഇത്തരം ദിവസങ്ങളെ ആദരിക്കണോ അതോ സ്‌കൂളുകളില്‍ മക്കളെ എത്തിക്കണോ എന്ന വിഷയത്തില്‍ ആശങ്ക ഉണ്ടാകില്ലെന്നും ഒരു പ്രസ്താവനയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കിലെ സ്‌കൂളുകളില്‍ ക്രിസ്ത്യന്‍, ജുത ആഘോഷങ്ങള്‍ക്ക് നേരത്തെ തന്നെ അവധിയുണ്ടായിരുന്നു. പബ്ലിക് സ്‌കൂളുകളിലെ പത്ത് ശതമാനവും മുസ്‌ലിം വിദ്യാര്‍ഥികളാണെന്നാണ് കണക്ക്. വെര്‍മോണ്ട്, മസാച്ചുസെറ്റ്‌സ്, ന്യൂജേഴ്‌സി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളില്‍ ചെറിയ പെരുന്നാളും ബലി പെരുന്നാളും നേരത്തെ തന്നെ അവധി ദിവസങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി വര്‍ഷങ്ങളായി ഈ ആവശ്യവുമായി ന്യൂയോര്‍ക്കിലെ മുസ്‌ലിംകള്‍ അധികൃതരെ സമീപിച്ചിരുന്നു.