യു എന്‍ സമാധാന ദൗത്യം ആരംഭിക്കാനിരിക്കെ ട്രിപ്പോളിയില്‍ വിമാനത്താവളത്തിന് നേരെ ആക്രമണം

Posted on: March 6, 2015 6:00 am | Last updated: March 5, 2015 at 11:38 pm
SHARE

ട്രിപ്പോളി: ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ ലിബിയ വീണ്ടും സംഘര്‍ഷത്തിലേക്ക്. അന്താരാഷ്ട്ര അംഗീകാരമുള്ള ലിബിയന്‍ പാര്‍ലിമെന്റ് ട്രിപ്പോളിയിലെ മൈതിഗ വിമാനത്താവളത്തിന് നേരെ വ്യോമാക്രമണം നടത്തി. യുദ്ധവിമാനങ്ങള്‍ റണ്‍വേയുടെ തുറന്നഭാഗങ്ങളിലാണ് ആക്രമണം നടത്തിയതെന്നും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഇപ്പോള്‍ വിമാനത്താവള പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടുണ്ടെന്നും വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ അന്താരാഷ്ട്ര പിന്തുണയോടെ തൊബ്‌റൂക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറും ട്രിപ്പോളിയില്‍ നിയമപിന്തുണയോടെ സ്ഥാപിച്ച സര്‍ക്കാറും മാസങ്ങളായി സംഘര്‍ഷത്തിലാണ്. ഇതിന് പുറമെ മറ്റു ചില സംഘടനകളും അവകാശവാദങ്ങളുമായി രംഗത്തുണ്ട്. ഇവര്‍ക്കിടയില്‍ ഐക്യരാഷ്ട്ര സഭ ഇടപെട്ടാണ് ഇപ്പോള്‍ സമാധാന നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. സമാധാന ചര്‍ച്ചകള്‍ക്കിടെ ഒരു കരാറിലെത്താന്‍ തങ്ങള്‍ നിരന്തരം ആവശ്യപ്പെടുന്നതായി ട്രിപ്പോളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ലിബിയയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സാധ്യമാണെന്നാണ് യു എന്‍ പ്രതിനിധി ബെര്‍ണാര്‍ഡിനോ ലിയോണ്‍ കഴിഞ്ഞ ദിവസം വ്യക്തമക്കിയത്. ഇരു സര്‍ക്കാറും സംഘര്‍ഷം തുടരുന്നത് തീവ്രവാദികള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നും ഇതിന് പരിഹാരമായി എത്രയും പെട്ടെന്ന് പ്രതിസന്ധി തീര്‍ക്കണമെന്നും വിദ്ഗ്ധര്‍ അഭിപ്രായപ്പെടുന്നു.