Connect with us

Eranakulam

ദേശീയ ഗെയിംസ് അഴിമതി: സിബിഐ അന്വേഷണം തുടങ്ങി

Published

|

Last Updated

കൊച്ചി; ദേശീയ ഗെയിംസ് നടത്തിപ്പിലെ അഴിമതിയെക്കുറിച്ച് സി ബി ഐ അന്വേഷണം തുടങ്ങി. വി ശിവന്‍കുട്ടി എം എല്‍ എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സി ബി ഐയുടെ കൊച്ചിയിലെ അഴിമതി വിരുദ്ധ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണമാണ് നടക്കുന്നതെന്നും ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും സി ബി ഐ വൃത്തങ്ങള്‍ പറഞ്ഞു.
ദേശീയ ഗെയിംസിന്റെ നടത്തിപ്പില്‍ 120 കോടിയുടെ അഴിമതി നടന്നതായാണ് ശിവന്‍കുട്ടി ഫെബ്രുവരി 14ന് സി ബി ഐ കൊച്ചി തിരുവനന്തപുരം യൂനിറ്റുകള്‍ക്കയച്ച പരാതിയില്‍ ആരോപിച്ചിട്ടുള്ളത്. അഴിമതികള്‍ അക്കമിട്ട് നിരത്തുന്ന പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒന്നാം പ്രതിയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ രണ്ടാം പ്രതിയും ജേക്കബ് പുന്നൂസിനെ മൂന്നാം പ്രതിയുമാക്കി കേസെടുക്കണെന്നും ആവശ്യപ്പെടുന്നു. ദേശീയ ഗെയിംസ് അഴിമതി സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ശിവന്‍കുട്ടി നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേസില്‍ അന്വേഷണാവശ്യം അംഗീകരിച്ചതായി അറിയിച്ചുകൊണ്ടുള്ള കൊച്ചിയിലെ സി ബി ഐ എസ് പിയുടെ കത്ത് ശിവന്‍കുട്ടിക്ക് ലഭിച്ചത്.

ഓഡിറ്റിംഗ് 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കും: മന്ത്രി
കോട്ടയം: ദേശീയ ഗെയിംസ് ഓഡിറ്റിംഗ് 45 ദിവസം കൊണ്ട് നടത്താന്‍ നിര്‍ദേശം നല്‍കിയതായി കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിപണി വിലയനുസരിച്ച് 1050 കോടിയുടെ നിക്ഷേപമാണ് ദേശീയ ഗെയിംസിലൂടെ കേരളത്തിന് ലഭിച്ചിരിക്കുന്നത്. ഇതു പ്രയോജനകരമായി വിനിയോഗിക്കുന്നതിന് സമഗ്ര പദ്ധതി തന്നെ ഉടന്‍ നടപ്പാക്കും.
മോഹന്‍ലാല്‍ തിരികെ നല്‍കിയ ലാലിസത്തിന്റെ പണം കായിക മേഖലയില്‍ തന്നെ വിനിയോഗിക്കാനാണ് തീരുമാനമെമെന്ന് മന്ത്രി പറഞ്ഞു. ചന്ദ്രബോസ് വധക്കേസില്‍ അന്വേഷണം കാര്യക്ഷമമായി കൊണ്ടു പോകേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരുടെ ബാധ്യതയാണ്. അവര്‍ അത് നടപ്പാക്കുമെന്നാണ് വിശ്വാസം. പുറത്തു നിന്നും താനതില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.