സ്റ്റാലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആക്കാന്‍ ഡി എം കെയില്‍ മുറവിളി

Posted on: March 6, 2015 5:02 am | Last updated: March 5, 2015 at 11:02 pm
SHARE

ചെന്നൈ: അടുത്ത വര്‍ഷം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഡി എം കെയുടെ നിര്‍വാഹക സമിതി യോഗം ചേര്‍ന്നു. പാര്‍ട്ടി മേധാവി കരുണാനിധിയുടെ നേതൃത്വത്തിലായിരുന്നു യോഗം. പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികളുടെ ആദ്യ യോഗമാണിത്. ഇവരില്‍ അധിക പേരും കരുണാനിധിയുടെ ഇളയ പുത്രന്‍ സ്റ്റാലിനോട് കൂറുപുലര്‍ത്തുന്നവരാണ്. സ്റ്റാലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിന്റെ അനുകൂലികള്‍ കടുത്ത സമ്മര്‍ദം ചെലുത്തി.
അഞ്ച് തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന കരുണാനിധി ഈയിടെയായി ആറാമത് മുഖ്യമന്തിയാകാന്‍ സന്നദ്ധനല്ലെന്ന് അറിയിച്ചിരുന്നു. തന്റെ 62 കാരനായ മകന്‍ സ്റ്റാലിനിലേക്ക് പാര്‍ട്ടിയുടെ നിയന്ത്രണം കൈമാറുന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സ്റ്റാലിന്റെ മൂത്തസഹേദരന്‍ എം കെ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനു ശേഷം പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തിരിക്കാനും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനും പോന്ന മറ്റൊരാള്‍ പാര്‍ട്ടിയിലില്ലെന്നാണ് സ്റ്റാലിന്‍ വിഭാഗം വാദിക്കുന്നത്.
ഡി എം കെയുടെ മുഖ്യശത്രുവായ ജയലളിത അനധികൃതമായ സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ അവരുടെ ജനപിന്തുണ കുറയാനുള്ള സാധ്യത പാര്‍ട്ടിയുടെ വിജയത്തിന് ആക്കംകൂട്ടുമെന്നാണ് സ്റ്റാലിന്‍ അനുകൂലികള്‍ കരുതുന്നത്. 90കാരനായ കരുണാനിധിക്ക് ഊര്‍ജസ്വലതയോടെ പ്രചാരണം നടത്താന്‍ സാധിക്കാത്തതിനാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് സ്റ്റാലിനായിരുന്നു.
46കാരനായ അന്‍പുമണിരാംദാസിന്റെ മുഖ്യമന്തിസ്ഥാനാര്‍ഥിയാക്കി പോരിനിറങ്ങുന്ന മുന്‍ സഖ്യ കക്ഷി പി എം കെയില്‍ നിന്ന് പാര്‍ട്ടി വലിയ വെല്ലുവിളി നേരിടുമെന്ന് ഡി എം കെ വൃത്തങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഏറെ ശ്രദ്ധയോടെ മാത്രമേ കരുണാനിധി ചരട് സ്റ്റാലിനെ ഏല്‍പ്പിക്കുകയുള്ളൂ. സ്റ്റാലിന്‍ നയിച്ചാല്‍ ആരൊക്കെ പിണങ്ങുമെന്നും ആരൊക്കെ കൂടെ നില്‍ക്കുമെന്നും അദ്ദേഹം കൃത്യമായി വിശകലനം ചെയ്യും.