Connect with us

National

ചൈനയുടെ സ്വാധീനം ഇല്ലാതാക്കാന്‍ ദ്വീപ് രാഷ്ട്രങ്ങളിലേക്ക് മോദിയുടെ യാത്ര

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങള്‍ക്ക് വലിയ സൈനിക, സൈനികേതര സഹായം നല്‍കാന്‍ പദ്ധതിയിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകും. മേഖലയിലെ ചൈനയുടെ സ്വാധീനം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചുള്ള ഈ നീക്കം. കാലങ്ങളായി ഇന്ത്യന്‍ സര്‍ക്കാറുകള്‍ അവഗണിച്ച ശ്രീലങ്ക, മാലിദ്വീപ്, മൗറീഷ്യസ്, സീഷെല്‍സ് തുടങ്ങിയ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള തയ്യാറെടുപ്പിലാണ് മോദി. 28 വര്‍ഷത്തിന് ശേഷമാണ് ഒരു പ്രധാനമന്ത്രി ശ്രീലങ്ക സന്ദര്‍ശിക്കുന്നത്.
ചെറു ദ്വീപ് രാഷ്ട്രങ്ങളിലൂടനീളം ചൈന തുറമുഖങ്ങള്‍, ഊര്‍ജനിലയങ്ങള്‍, ഹൈവേകള്‍ തുടങ്ങിയവ നിര്‍മിച്ചിട്ടുണ്ട്. ചൈനീസ് സൈന്യം ഇടക്കിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കടന്നുവരാറുമുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം ശ്രീലങ്കയില്‍ ചൈനീസ് അന്തര്‍വാഹിനി നങ്കൂരമിട്ടിരുന്നു. ഇതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. സുരക്ഷക്ക് മുന്‍തൂക്കം നല്‍കിയാണ് ദ്വീപ് രാഷ്ട്രങ്ങളുമായി ഇന്ത്യ സഹകരണത്തിന് മുന്നിട്ടിറങ്ങുന്നത്. പട്രോളിംഗ് കപ്പലുകള്‍, നിരീക്ഷണ റഡാറുകള്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ നല്‍കാനാണ് നീക്കം. പത്താം തീയതി മുതലാണ് മോദിയുടെ സന്ദര്‍ശനം തുടങ്ങുക.
ശ്രീലങ്കയാണ് മോദിയുടെ സന്ദര്‍ശനത്തിലെ പ്രധാന ലക്ഷ്യം. ലങ്കയിലെ മുന്‍ സര്‍ക്കാര്‍ ചൈനയുമായി ഏര്‍പ്പെട്ട അടിസ്ഥാന സൗകര്യ വികസന കരാറുകളില്‍ പുനരാലോചന നടത്താനാണ് ഇപ്പോഴത്തെ സര്‍ക്കാറിന്റെ നീക്കം. അടുത്തുതന്നെ ചൈനീസ് അന്തര്‍വാഹിനികള്‍ രാജ്യത്തെത്തുമെന്ന വാര്‍ത്തകളും സിരിസേന സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. പ്രതിരോധ സുരക്ഷാ സഹകരണം ശക്തമാക്കാനാകുമെന്ന് മോദി പ്രതീക്ഷിക്കുന്നു. 2012ലെ കരാര്‍ പ്രകാരം കിഴക്കന്‍ ലങ്കയിലെ സുപ്രധാന തുറമുഖമായ ട്രിന്‍കോമാലീയില്‍ എന്‍ ടി പി സിയുടെ നേതൃത്വത്തില്‍ 500 മെഗാവാട്ട് വൈദ്യുതിനിലയം നിര്‍മിക്കാനുള്ള പദ്ധതി അന്തിമമാക്കാമെന്നും പ്രതീക്ഷയുണ്ട്. സൈനിക പരിശീലനം ശക്തമാക്കാന്‍ ഇരു രാഷ്ട്രങ്ങളും നേരത്തെ ചര്‍ച്ച ചെയ്തിരുന്നു.
മൗറീഷ്യസില്‍ 1300 ടണ്‍ ഭാരമുള്ള ഇന്ത്യന്‍ നിര്‍മിത നിരീക്ഷണ കപ്പല്‍ മോദി കമ്മീഷന്‍ ചെയ്യും. ദ്വീപസമൂഹത്തിന് ചുറ്റുമുള്ള അതിര്‍ത്തി നിര്‍ണയത്തിനുള്ള കരാര്‍ സീഷെല്‍സുമായി ഉണ്ടാകും. കടല്‍ക്കൊള്ളക്കാരെ നിരീക്ഷിക്കുന്നതിന് മാലിദ്വീപ് ആവശ്യപ്പെടുന്നുണ്ട്. ഇസിസ് തീവ്രവാദികളെ പിന്തുണക്കുന്നവരുടെ ശല്യവും ഒഴിവാക്കാന്‍ ദ്വീപ് രാഷ്ട്രം ആഗ്രഹിക്കുന്നു. ഇത് ഇന്ത്യ നിറവേറ്റും. സീഷെല്‍സിലും മാലിദ്വീപിലും ചൈനയുടെ സ്വാധീനം ശക്തമാണ്.

---- facebook comment plugin here -----

Latest