അഴിമതി: ചൗത്താലക്കെതിരായ ശിക്ഷ ഹൈക്കോടതി ശരിവെച്ചു

Posted on: March 6, 2015 5:00 am | Last updated: March 5, 2015 at 11:00 pm
SHARE

ന്യൂഡല്‍ഹി: അധ്യാപക നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താല, മകന്‍ അജയ് ചൗത്താല എന്നിവര്‍ക്കും മറ്റ് മൂന്ന് പേര്‍ക്കും കീഴ്‌ക്കോടതി നല്‍കിയ പത്ത് വര്‍ഷത്തെ തടവ് ശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു.
ചൗത്താലമാര്‍ക്ക് പുറമെ ഷേര്‍ സിംഗ് ബദ്ഷാമി, ഐ എ എസുകാരായ വിദ്യാ ധര്‍, സഞ്ജീവ് കുമാര്‍ എന്നിവരെയുമാണ് ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുല്‍ ശിക്ഷിച്ചത്. അധ്യാപക നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ അട്ടിമറിച്ചും അഴിമതി നടത്തിയുമാണ് ഹരിയാനയില്‍ അധ്യാപക നിയമനം നടന്നതെന്ന് ഡല്‍ഹി ഹൈക്കോടതി വിലയിരുത്തി. കേസിലെ മറ്റ് 50 പ്രതികളുടെ ശിക്ഷ രണ്ട് വര്‍ഷത്തെ തടവായും പരിഷ്‌കരിച്ചു. ഈ കേസില്‍ പ്രതികളായവര്‍ക്കായി സമര്‍പ്പിച്ച എല്ലാ ജാമ്യാപേക്ഷകളും തള്ളി. രണ്ട് വര്‍ഷം തടവനുഭവിച്ചവരെ മോചിപ്പിക്കാനും ഉത്തരവിട്ടു. അനാരോഗ്യവും മറ്റ് വിവിധ രോഗങ്ങളും കാരണം അവശതയനുഭവിക്കുന്ന തന്റെ ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ചൗത്താല ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ഓംപ്രകാശ് ചൗത്താല, എം എല്‍ എകൂടിയായ മകന്‍ അജയ് ചൗത്താല രണ്ട് ഐ എ എസ്‌കാരടക്കം മറ്റ് 53 പേരെയും വിചാരണാ കോടതി 2014 ജനുവരി 16നാണ് ശിക്ഷിച്ചത്. 3206 ജൂനിയര്‍ ബേസിക് ട്രെയിന്‍ഡ് (ജെ ബി ടി) അധ്യാപകരെ 2000 ത്തിലാണ് നിയമവിരുദ്ധമായി നിയമിച്ചത്. ചൗത്താലമാര്‍ക്കും മുന്‍ പ്രൈമറി വിദ്യാഭ്യാസ ഡയറക്ടര്‍ സഞ്ജീവ് കുമാര്‍, മുന്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വിദ്യാധര്‍ എന്നിവര്‍ക്ക് 10 വര്‍ഷം തടവാണ് വിധിച്ചത്.