കെജ്‌രിവാളിനെ പരസ്യമായി വിമര്‍ശിച്ച് മറ്റൊരു നേതാവ് കൂടി

Posted on: March 6, 2015 6:00 am | Last updated: March 5, 2015 at 11:00 pm
SHARE

ന്യൂഡല്‍ഹി: പരസ്യമായി തന്നെ വിമര്‍ശിച്ച യോഗേന്ദ്ര യാദവിനും പ്രശാന്ത് ഭൂഷണിനുമെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ ഭീഷണി മുഴക്കിയതായി ബ്ലോഗിലൂടെ വെളിപ്പെടുത്തി എ എ പി നേതാവ്. മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മായങ്ക് ഗാന്ധിയാണ് കെജ്‌രിവാളിനെതിരെ രംഗത്തെത്തിയത്. യാദവിനെയും ഭൂഷണെയും മുഖ്യ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വോട്ടെടുപ്പിലൂടെ പുറത്താക്കിയ രീതിയില്‍ ശക്തമായ എതിര്‍പ്പ് മായങ്ക് ഗാന്ധി പ്രകടിപ്പിച്ചിട്ടുണ്ട്.
‘വളണ്ടിയര്‍മാര്‍ക്കുള്ള കുറിപ്പ്’ എന്ന തലക്കെട്ടിലുള്ള ബ്ലോഗ് പോസ്റ്റിലൂടെയാണ് മായങ്ക് തുറന്നടിച്ചത്. മാപ്പപേക്ഷയിലൂടെയാണ് ബ്ലോഗ് ആരംഭിക്കുന്നത്. പാര്‍ട്ടിയുടെ നിശ്ശബ്ദനാക്കുന്ന ഉത്തരവ് സ്വീകരിക്കുന്നത് സത്യസന്ധതക്ക് വിരുദ്ധമാകും. ഭൂഷണിനും യാദവിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് കെജ്‌രിവാള്‍ അറിയിച്ചതിനാലാണ് പാര്‍ട്ടിയുടെ നിര്‍വാഹക സമിതി യോഗം വിളിച്ചത്. കഴിഞ്ഞ മാസം 26ന് സമിതി യോഗം ചേര്‍ന്നപ്പോള്‍, ഈ രണ്ട് പേരും രാഷ്ട്രീയകാര്യ സമിതിയില്‍ തുടര്‍ന്നാല്‍ കണ്‍വീനര്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കെജ്‌രിവാള്‍ അറിയിച്ചു. സമിതിയില്‍ നിന്ന് പുറത്താക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് യോഗേന്ദ്രയും പ്രശാന്ത് ഭൂഷണും പറഞ്ഞു. രണ്ട് നിര്‍ദേശങ്ങളും യോഗേന്ദ്ര മുന്നോട്ടുവെച്ചു. ഒന്നുകില്‍ സമിതി പുനഃസംഘടിപ്പിക്കുക, അല്ലെങ്കില്‍ തങ്ങളെ പുറത്താക്കുക.
തുടര്‍ന്ന്, തന്റെ അടുപ്പക്കാരായ മനീഷ് സിസോദിയ, ഡല്‍ഹിയിലെ നേതാക്കളായ ആശിഷ് ഖേതന്‍, അശുതോഷ്, ദിലീപ് പാണ്ഡെ എന്നിവരുമായി കെജ്‌രിവാള്‍ ചര്‍ച്ച നടത്തി. അവസാനത്തെ മൂന്ന് പേര്‍ക്കും നിര്‍ണായക സ്വാധീനമുണ്ടെങ്കിലും വോട്ടിംഗ് അധികാരമില്ല. തുടര്‍ന്ന് ഈ നേതാക്കളെ പുറത്താക്കാന്‍ പ്രമേയം കൊണ്ടുവരികയായിരുന്നു. അവരെ പരസ്യമായി പുറത്താക്കുന്ന പ്രമേയത്തെ തനിക്ക് പിന്തുണക്കേണ്ടി വന്നു. പ്രത്യേകിച്ചും അവര്‍ സ്വമേധയാ പുറത്തുപോകാന്‍ ആഗ്രഹിക്കുന്ന പശ്ചാത്തലത്തില്‍. സമിതിയില്‍ നിന്ന് അവര്‍ക്ക് പുറത്തുപോകാമെന്നത് അംഗീകരിക്കുന്നു. എന്നാല്‍ പ്രമേയത്തിന്റെ ശൈലിയും ലക്ഷ്യവും സ്വീകാര്യമല്ല. മായങ്ക് ഗാന്ധിയുടെ ബ്ലോഗില്‍ പറയുന്നു.
അതേസമയം, ബ്ലോഗിനെ സംബന്ധിച്ച് പ്രതികരിക്കുന്നില്ലെന്ന് യോഗേന്ദ്ര പറഞ്ഞു. എന്നാല്‍ ഒരു കാര്യം പറയുന്നു. സത്യത്തിനാണ് അന്തിമ വിജയം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.