Connect with us

Editorial

സ്‌കൂളില്‍ ഇനി സൂര്യനെ പൂജിക്കലും !

Published

|

Last Updated

രാജസ്ഥാനിലെ സ്‌കൂളുകളില്‍ നിര്‍ബന്ധിത സൂര്യ നമസ്‌കാരം, മഹാരാഷ്ട്രയില്‍ ഗോവധ നിരോധം, ഛത്തിസ്ഗഢില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ എസ് എസില്‍ ചേരാന്‍ അനുമതി, നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പ്രശസ്ത സാഹിത്യകാരന്‍ സേതുവിനെ ഒഴിവാക്കി ആര്‍ എസ് എസ് വാരിക മുന്‍ മുഖ്യപത്രാധിപര്‍ ബല്‍ദേവ് ശര്‍മക്ക് നിയമനം, സംഘ്പരിവാര്‍ വക്താക്കളെ തിരുകിക്കയറ്റി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് പുനഃസംഘടന- ഇങ്ങനെ രാജ്യത്തെങ്ങും ഔദ്യോഗിക തലത്തില്‍ കാവിവത്കരണം തകൃതിയായി നടക്കുകയാണ്. ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര മോദി- അമിത് ഷാ കുട്ടുകെട്ടാണല്ലോ. ഉപദേശ വൃന്ദങ്ങള്‍ ആര്‍ എസ് എസ് ആചാര്യന്മാരും. ഇതിലും നല്ല അവസരം ഇനി കൈവരണമെന്നില്ലെന്ന തിരിച്ചറിവിലാണ് പ്രത്യക്ഷ നടപടികളിലൂടെയും അതിലുപരി പരോക്ഷമായും കാളവണ്ടിയുഗത്തിലേക്ക് രാജ്യത്തെ തിരിച്ചുകൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ സംഘ് പരിവാര്‍ ഊര്‍ജിതമാക്കിയത്.
ഹൈന്ദവേതര സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിര്‍പ്പ് അവഗണിച്ചാണ് രാജസ്ഥാന്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം അടിച്ചേല്‍പിച്ചത്. എല്ലാ സെക്കന്ററി, ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും 20 മിനിറ്റ് അസംബ്ലിയോ ബാലസഭയോ നടത്തണമെന്നും ഇതില്‍ സൂര്യനമസ്‌കാരം, ധ്യാനം, പത്രവായന എന്നിവ ഉള്‍പ്പെടുത്തണമെന്നുമാണ് സംസ്ഥാന സെക്കന്ററി എജ്യുക്കേഷന്‍ ഡയറക്ടറുടെ ഓഫീസില്‍ നിന്നുള്ള ഉത്തവ്. 28,000 സര്‍ക്കാര്‍ സ്‌കൂളുകളടക്കം സംസ്ഥാനത്തെ 48,000 സ്‌കൂളുകളിലെ എല്ലാ കുട്ടികള്‍ക്കും ഇത് ബാധകമാകും. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12ന് മധ്യപ്രദേശിലും വ്യത്യസ്ത മതവിഭാഗക്കാരായ വിദ്യാര്‍ഥികളെ നിര്‍ബന്ധ പൂര്‍വം പങ്കെടുപ്പിച്ചു സൂര്യനമസ്‌കാരം നടത്താറുണ്ട്. അതിനെതിരെ വിവിധ തലങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷവുമാണ്.
സൂര്യനമസ്‌കാരം ഹൈന്ദവ ചടങ്ങല്ലെന്നും ആരോഗ്യ സംരക്ഷണത്തിനുള്ള യോഗമുറ എന്ന നിലയിലാണ് ഇത് നടപ്പാക്കിയതെന്നുമാണ് രാജസ്ഥാന്‍ സര്‍ക്കാറിന്റെ വിശദീകരണം. പ്രഭാത സൂര്യരശ്മി ത്വക്കില്‍ വിറ്റാമിന്‍-ഡി ഉത്പാദിപ്പിക്കാനും കാത്സ്യത്തിന്റെ ഉത്പാദനം നിയന്ത്രിക്കാനും സഹായകമാണത്രേ. സൂര്യനമസ്‌കാരം വഴി ഉദരങ്ങള്‍ക്കും ഉദരവുമായി ബന്ധപ്പെട്ട മറ്റു അവയവങ്ങള്‍ക്കും വ്യായാമം ലഭിക്കുമെന്നും മനസ്സിനും ശരീരത്തിനും ഉന്മേഷം നല്‍കുമെന്നും സൂര്യ പൂജയുടെ പ്രചാരകര്‍ അവകാശപ്പെടുന്നു. ഈ ഗുണങ്ങളൊക്കെ ലഭിക്കാന്‍ ശരീരത്തില്‍ രാവിലെ വെയിലേല്‍പിച്ചാല്‍ പോരേ, എന്തിന് സൂര്യനമസ്‌കാരത്തിന് നിര്‍ബന്ധിക്കണമെന്ന ചോദ്യത്തിന് അവര്‍ക്കു മറുപടിയില്ല. ഹൈന്ദവ ആള്‍ദൈവങ്ങള്‍ നടത്തുന്ന യോഗ കേന്ദ്രങ്ങളാണ് സൂര്യനമസ്‌കാരത്തിന്റെ പരിശീലനക്കളരി. സൂര്യപൂജ ഉള്‍പ്പെടെയുള്ള ബഹുദൈവാരാധനയിലേക്ക് സമൂഹത്തെ തന്ത്രപൂര്‍വം നയിക്കുന്ന നിഗൂഢമായ പദ്ധതിയാണ് അവരുടെ യോഗ. പ്രകൃതി ശക്തികളില്‍ ദൈവിക സാന്നിധ്യമുണ്ടെന്നും അവയെ വണങ്ങുന്നതിലൂടെ ദൈവത്തെയാണ് വണങ്ങുന്നതെന്നുമുള്ള ആശയമാണ് ഇതിന്റെ മറവില്‍ അവര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ശ്രീമദ് ഹരിസ്വാമികളുടെ “ഹൈന്ദവാചാര രഹസ്യങ്ങള്‍” എന്ന കൃതിയില്‍ സൂര്യനമസ്‌കാരം ഒരു ഹൈന്ദവ ചടങ്ങാണെന്ന് വ്യക്തമായി പറയുന്നുണ്ട്. ഋഷിമുനിമാരും ബ്രാഹ്മണരും യോഗികളുമൊക്കെ സൂര്യനെ ബ്രഹ്മമായി സങ്കല്‍പിച്ചാണ്പൂജിക്കുന്നത്. സൂരേ്യാപാസന അവര്‍ക്ക് ബ്രഹ്‌മോപാസനയാണ്.
ഇതിനിടെ ക്രിസ്തീയ മതവിശ്വാസിയായ സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസ മുവ്വാറ്റുപുഴയിലും തൊടുപുഴയിലും സൂര്യനമസ്‌കാരം ഉള്‍പ്പെടെയുള്ള യോഗ ക്ലാസ് തുടങ്ങിയപ്പോള്‍, ആര്‍ എസ് എസുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് മറക്കാറായിട്ടില്ല. സൂര്യനമസ്‌കാരം ഹൈന്ദവരുടെ മതപരമായ ചടങ്ങായതിനാല്‍ അത് ചെയ്യാന്‍ സിസ്റ്ററെ അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു അവര്‍ രംഗത്തുവന്നത്.
പുരാണ ഹൈന്ദവ ആശയങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ വിദ്യാഭ്യാസനയത്തിന് രൂപംനല്‍കാന്‍ സംഘ്പരിവാര്‍ സംഘടനയായ ശിക്ഷാ സംസ്‌കൃതി ഉഥാന്‍ ന്യാസിനെ ബി ജെ പി നേതൃത്വം അധികാരപ്പെടുത്തിയതായുള്ള വാര്‍ത്ത കൂടി ഇതോട് ചേര്‍ത്തുവായിച്ചാല്‍ കാര്യം കൂടുതല്‍ വ്യക്തമാകും. കലാലയങ്ങളിലൂടെയൂം പാഠപുസ്തകങ്ങളിലൂടെയും പുതുതലമുറയെ ഹിന്ദുത്വത്തിലേക്ക് ആകര്‍ഷിക്കാനുള്ള ചുവടുവെപ്പാണ് സംഘ്പരിവാര്‍ നടത്തുന്നത്. ഭരണ സ്വാധീനമുപയോഗിച്ചു ഹിന്ദുത്വം അടിച്ചേല്‍പിക്കാനുള്ള ഈ നീക്കം ഭരണഘടന ഉറപ്പുനല്‍കുന്ന മത,വിശ്വാസ സ്വാതന്ത്യത്തിന് കടക വിരുദ്ധവാണ്. അടുത്തിടെ ഇന്ത്യന്‍ മതേതരത്വത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചു പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ആത്മാര്‍ഥതയോടെയെങ്കില്‍ ഈ നീക്കങ്ങളെ തള്ളിപ്പറയാന്‍ അദ്ദേഹം തയാറാകേണ്ടതുണ്ട്. മതേതര വിശ്വാസികള്‍ ഇത്തരം പ്രവണതകളെ ഗൗരവത്തോടെ കണ്ട് ശക്തമായി പ്രതികരിക്കാന്‍ മുന്നോട്ടുവരികയും വേണം.

Latest