പൈതൃക മുന്നേറ്റങ്ങളെ പിന്തുണക്കുക

Posted on: March 6, 2015 5:50 am | Last updated: March 5, 2015 at 10:09 pm
SHARE

madrassa_1657839c>>ഇന്ന് മദ്‌റസാ ദിനം

ജൂണ്‍, ഡിസംബര്‍ മാസങ്ങളില്‍ വൃദ്ധരായ നൂറുക്കണക്കിന് ഉസ്താദുമാര്‍ കോഴിക്കോട് സമസ്ത സെന്ററിലെ എസ് എം എ ആസ്ഥാനം ലക്ഷ്യമാക്കി വിവിധ നാടുകളില്‍ നിന്ന് ബസ് കയറുന്നു. അവരില്‍ പലരും രോഗികളാണ്. അവശരാണ്. എങ്കിലും അവര്‍ക്കീ യാത്ര ഒഴിവാക്കാനാകില്ല. എസ് എം എ സംസ്ഥാന കമ്മിറ്റി നല്‍കുന്ന പെന്‍ഷന്‍ കൈപ്പറ്റാനാണ് ഈ യാത്ര.
ആരോഗ്യമുള്ള കാലത്ത് പണത്തിനു പിറകെ പോകാതെ തലമുറയുടെ വിജ്ഞാന വികാസത്തിനു ജീവിതം നീക്കിവെച്ച ഉസ്താദുമാര്‍ക്ക് ശിഷ്യര്‍ നല്‍കുന്ന സ്‌നേഹോപഹാരം. ചെറുപ്രായത്തില്‍ അക്ഷരങ്ങളും ഇസ്‌ലാമിക കര്‍മങ്ങളും മറ്റും പഠിപ്പിച്ച ഉസ്താദുമാര്‍ക്ക് അര്‍ഹമായ ആദരം. സ്ഥിരം ക്ഷേമ പെന്‍ഷന്‍ എസ് എം എ നടപ്പാക്കിയതോടെ മുഅല്ലിംകളില്‍ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. ഇത് അധ്യാപകരിലൊതുക്കാതെ മസ്ജിദ് ഇമാം, ഖത്വീബ്, മുഅദ്ദിന്‍, മുദര്‍രിസ് എന്നിവര്‍ക്കു കൂടി വിപുലീകരിച്ച് പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനുവേണ്ടി പ്രത്യേക സര്‍വീസ് രജിസ്റ്റര്‍ സംവിധാനിച്ചിരിക്കുകയാണ്. മസ്ജിദുകളില്‍ ജോലി ചെയ്യുന്ന ഇമാം, മുഅദ്ദിന്‍, മുദരിസ് എന്നിവര്‍ക്കും ദഅ്‌വാ കോളജുകളിലെ മതാധ്യാപകര്‍ക്കും സേവന സുര ക്ഷ ഉറപ്പുവരുത്തുകയാണ് ‘മസ്ജിദ് എംപ്ലോയീസ് സര്‍വീസ് രജിസ്റ്ററി’ന്റെ ലക്ഷ്യം.
സര്‍വീസ് രജിസ്റ്റര്‍ എടുത്തവര്‍ക്ക് ക്ഷേമനിധിയില്‍ ചേരാനാകും. ക്ഷേമനിധിയില്‍ നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയാല്‍ രോഗചികിത്സ, വിവാഹം, വീട് നിര്‍മാണം എന്നിവക്ക് എസ് എം എ സംസ്ഥാന ക്ഷേമ ബോര്‍ഡ് വലിയ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നു. നിര്‍മാണമാരംഭിച്ച മദ്‌റസകള്‍ക്കും വേണ്ടത്ര ഫര്‍ണിച്ചര്‍ സൗകര്യമില്ലാത്ത മദ്‌റസകള്‍ക്കും എസ് എം എ ധനസഹായം അനുവദിക്കുന്നുണ്ട്.
ഒരു മഹല്ലും മദ്‌റസയും ശോചനീയമായി കിടക്കാന്‍ പാടില്ല. ഭൗതിക സൗകര്യങ്ങളും പഠന നിലവാരവും മെച്ചപ്പെടണം. മദ്‌റസകളില്‍ സമ്പൂര്‍ണ ഗ്രേഡിംഗ് നടത്താന്‍ എസ് എം എ തീരുമാനിച്ചിട്ടുണ്ട്. ഭൗതിക സൗകര്യങ്ങള്‍, പഠന സംവിധാനങ്ങള്‍, അധ്യാപന രീതികള്‍, പഠന പരിശീലനങ്ങള്‍, വിദ്യാര്‍ഥി കേന്ദ്രീകൃത പഠനങ്ങള്‍ എന്നിവയിലൂന്നിയായിരിക്കും ഗ്രേഡിംഗ്. മഹല്ലും മദ്‌റസയും മാതൃകയാകുമ്പോഴേ ജനങ്ങളും ആ വഴിക്ക് സഞ്ചരിക്കൂ. അവ രണ്ടും ഉയര്‍ത്തുന്നതിന് പരിശീലന പ്രോഗ്രാമുകളും മാര്‍ഗദര്‍ശനവും പരിശോധനയും അതില്‍ വിജയിക്കുന്ന മാനേജ്‌മെന്റുകള്‍ക്ക് പ്രത്യേക ഗ്രാന്റും എസ് എം എ നല്‍കുന്നു. ഈ വര്‍ ഷം 100 മാതൃകാ മഹല്ല്-മദ്‌റസകള്‍ക്ക് ഗ്രാന്റ് നല്‍കാനുള്ള പദ്ധതി തയ്യാറായിക്കഴിഞ്ഞു.
ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മഹല്ലുകളെയും സ്ഥാപനങ്ങളെയും പ്രാപ്തമാക്കേണ്ടതുണ്ട്. മഹല്ല് ജമാഅത്ത് ഭരണവും സേവനങ്ങളും കമ്പ്യൂട്ടര്‍വത്കരിക്കുകയും ആശയ വിനിമയങ്ങള്‍ നവീകരിക്കുകയും ചെയ്യുകയാണ്. മഹല്ല് തലത്തില്‍ ആവശ്യമായ എല്ലാ കാര്യങ്ങളും- വിവാഹം, ജോലി, വിദ്യാഭ്യാസം, തൊഴില്‍ എന്നിങ്ങനെ എല്ലാം കമ്പ്യൂട്ടര്‍വത്കരിക്കുന്നതോടെ മഹല്ലു ജമാഅത്തുകളെ ഇ-മഹല്ല് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടുറപ്പുള്ളതാക്കാനുള്ള പദ്ധതി അവസാന ഘട്ടത്തിലാണ്. ഈ പദ്ധതിയില്‍ ആദ്യഘട്ടമെന്ന നിലയില്‍ 1000 മഹല്ലു കള്‍ക്ക് സൗജന്യമായി സോഫ്റ്റ്‌വെയര്‍ നല്‍കും.
മഹല്ലിന്റെയും സ്ഥാപനങ്ങളുടെയും നേതൃത്വം വഹിക്കുന്നവര്‍ക്ക് ശാസ്ത്രീയ പരിശീലനങ്ങളും ആസൂത്രിതവും ലക്ഷ്യാധിഷ്ഠിതവുമായ കര്‍മപദ്ധതികളും നടപ്പിലാക്കി വരുന്നു. മിനുട്‌സ്, എക്കൗണ്ട്, അംഗത്വ രജിസ്റ്റര്‍, വിവാഹ/വിവാഹമോചന രജിസ്റ്റര്‍, വിവാഹ എന്‍ ഒ സി ഫോറം, മഹല്ല് അംഗത്വ ഫോറം, ജനന/മരണ രജിസ്റ്റര്‍, റസീപ്റ്റ്, പേയ്‌മെന്റ് വൗച്ചര്‍, ഡോക്യുമെന്റ് രജിസ്റ്റര്‍ മുതലായ രേഖകളുടെ ശരിയായ ഉപയോഗത്തിന് പരിശീലനം നല്‍കുന്നു. പ്രമാണങ്ങള്‍-രേഖകള്‍- സേവനങ്ങള്‍ എന്നിങ്ങനെ മൂന്നായി തിരിച്ച് സെക്രട്ടറിമാര്‍ക്ക് നല്‍കിയ പരിശീലനം ശ്രദ്ധിക്കപ്പെട്ടു. എസ് എം എയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മഹല്ലുകളിലും മദ്‌റസകളിലും എസ് എം എ നടത്താനുദ്ദേശിക്കുന്ന സൗജന്യ റിക്കാര്‍ഡ് വിതരണം രേഖകള്‍ ഏകീകരിക്കാന്‍ പര്യാപ്തമാണ്. ന്യൂനപക്ഷ ക്ഷേമത്തിനുവേണ്ടി മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എസ് എം എ നേതൃത്വം നല്‍കുന്നു. ന്യൂനപ ക്ഷങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ അറിയിക്കുകയും അപേക്ഷാഫോറങ്ങളും മറ്റും വിതരണം ചെയ്യുന്നതിനും വഖഫ് ബോര്‍ഡ് റജിസ്‌ട്രേഷന്‍, റിട്ടേണ്‍ ഫയലിംഗ്, സൊസൈറ്റി ആക്ട് പ്രകാരമുള്ള ഭരണഘടനാ രജിസ്‌ട്രേഷന്‍, പുതുക്കല്‍ തുടങ്ങിയവക്കും സംവിധാനമൊരുക്കിയിട്ടുണ്ട്. മദ്‌റസകള്‍, മസ്ജിദുകള്‍, ദഅ്‌വാ കോളജുകള്‍ എന്നിവിടങ്ങളില്‍ ആവശ്യമുള്ള ജീവനക്കാരെ നല്‍കാനും ജോലി തേടുന്നവര്‍ക്കും മുഅല്ലിംകള്‍ക്കും എളുപ്പത്തില്‍ തൊഴില്‍ ലഭ്യമാക്കാനുമുള്ള സംവിധാനം എസ് എം എ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നു. മദ്‌റസാ വിദ്യാഭ്യാസം ആനന്ദകരമാക്കാനും കരിയര്‍-അക്കാദമിക് മത്സര പരീക്ഷകള്‍ക്കു തയ്യാറെടുപ്പിക്കാനും പഠന തത്പരത വളര്‍ത്തിയെടുക്കാനുമായി ‘സ്മാര്‍ട്ട്’ സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന്‍ നടത്തിവരുന്നു. ഇങ്ങനെ സംഘടന ഏറ്റെടുത്ത് നടപ്പാക്കുന്ന വിഷയങ്ങള്‍ സമൂഹത്തിന്റെ ആഗ്രഹങ്ങളാണ്.
മഹല്ലു കമ്മിറ്റികളെയും മറ്റു മാനേജ്‌മെന്റുകളെയും പാരമ്പര്യത്തിന്റെ അടിസ്ഥാന ഘടകമാക്കി മാറ്റിയെടുത്ത്, പണ്ഡിത നേതൃത്വത്തിനു കീഴിലായി പുതിയ തെളിച്ചം സൃഷ്ടിച്ചെടുക്കുകയും കൃത്യവും വ്യവസ്ഥാപിതവുമായ പ്രവര്‍ത്തനത്തിലൂടെ മഹല്ലുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും എസ് എം എയുടെ ലക്ഷ്യമാണ്. സാമ്പത്തിക കൈകാര്യങ്ങളില്‍ സുതാര്യതയും കൃത്യതയും ഉണ്ടാകാന്‍ മഹല്ല്/സ്ഥാപന ഭാരവാഹികള്‍ക്ക് പരിശീലനം നല്‍കുകയും ഭൗതികവാദത്തിന്റെ അതിപ്രസരത്തില്‍ വിശ്വാസഭംഗം വരാതെ മഹല്ലുനിവാസികളെ സംരക്ഷിക്കാനുതകുന്ന ആശയ പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഭീമമായ സാമ്പത്തിക ബാധ്യതയാണ് വരുന്നത്. സമുദായത്തിന്റെ ഉദാര മനസ്സ് മുന്നില്‍ കണ്ടുകൊണ്ട് മാത്രമാണ് സംഘടന ഈ മഹത്തായ ദൗത്യവുമായി മുന്നോട്ട് നീങ്ങുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനു ഇന്ന് മദ്‌റസാ ദിനം ആചരിക്കുകയാണ്. ജുമുഅക്ക് ശേഷം മദ്‌റസാദിനത്തെക്കുറിച്ച് ഖത്വീബുമാര്‍ വിശദീകരിക്കുകയും സംഭാവന സ്വീകരിക്കുകയും വേണം. പള്ളിയില്ലാത്തിടങ്ങളില്‍ അങ്ങാടികള്‍ കേന്ദ്രീകരിച്ച് സംഭാവന സ്വരൂപിക്കാന്‍ നേതൃത്വം നല്‍കണം. സംഭാവനാ കവറുകള്‍ മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ മുഅല്ലിംകള്‍ ശ്രദ്ധിക്കണം.