ബീഹാര്‍: ജനതാ പരിവാറും സാധ്യതകളും

Posted on: March 6, 2015 6:00 am | Last updated: March 5, 2015 at 10:07 pm
SHARE

nitish and lalu289 ദിവസങ്ങള്‍ക്ക് ശേഷം ബീഹാര്‍ മുഖ്യമന്ത്രി പദത്തില്‍ നിതീഷ് കുമാര്‍ തിരിച്ചെത്തിയിരിക്കുന്നു. 40 ലോക്‌സഭാ സീറ്റുകളുള്ള ബീഹാറില്‍, ജെ ഡി യു എം പിമാര്‍ക്ക് സഞ്ചരിക്കാന്‍ സൈക്കിള്‍ (വെറും രണ്ട് സീറ്റ്) മതിയെന്ന അവസ്ഥ വന്നപ്പോഴാണ് കഴിഞ്ഞ മെയ് 18ന് നിതീഷ് കുമാര്‍ മുഖ്യമന്ത്രിക്കസേര നിതിന്‍ റാം മാഞ്ജിയെന്ന മഹാദളിതുകാരനെ വിശ്വസിച്ചേല്‍പ്പിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെങ്കിലും നില മെച്ചപ്പെടുത്താനായിരുന്നു ഈ സാഹസം. ജെ ഡി യുവിന്റെ സ്വന്തം തട്ടകമെന്ന് ഊറ്റം കൊള്ളുന്നുണ്ടെങ്കിലും ബീഹാറിലെ 31 ലോക്‌സഭാ സീറ്റുകളാണ് അന്ന് ബി ജെ പി അടിച്ചുകൊണ്ടുപോയത്. ഇങ്ങനെയായാല്‍, അടുത്ത വര്‍ഷമാകുമ്പോഴേക്ക് ഭൂപടത്തിലേ തങ്ങളുണ്ടാകില്ലെന്ന പേടിയില്‍ നിന്നായിരുന്നു ആ ഇറങ്ങിപ്പോക്ക്. ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയ സുശക്തമാക്കി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫീനിക്‌സ് പക്ഷിയാകാനുള്ള ചെറുതന്ത്രം. പക്ഷേ, അധികാരത്തിലെത്തിയ ഉടനെ തന്നെ വിവാദങ്ങളുടെ ഉറ്റതോഴനാകുകയായിരുന്നു ജിതന്‍ റാം മാഞ്ജി. സ്ത്രീവിരുദ്ധവും ജാതിവിരുദ്ധവുമായ പരാമര്‍ശങ്ങളാല്‍ തലക്കെട്ടുകള്‍ കീഴടക്കി പുതിയ മുഖ്യമന്ത്രി. വിഷയദാരിദ്ര്യത്താല്‍ വിശന്നൊട്ടിയ ചര്‍ച്ചകള്‍ക്ക് ചാകരയായി. ബീഹാര്‍ സര്‍ക്കാറിന്റെ ജനപ്രീതി, നിയന്ത്രണം നഷ്ടപ്പെട്ട മിസൈല്‍ കണക്കെ കടലിലേക്ക് ആപതിക്കുമ്പോഴാണ് ജെ ഡി യു നേതാക്കള്‍ ഇടപെടുന്നത്. വെളുക്കാന്‍ തേച്ചത് പാണ്ടാകും എന്നവസ്ഥ എത്തിയപ്പോള്‍, പാര്‍ട്ടി എം എല്‍ എമാരെ മാഞ്ജിയില്‍ നിന്ന് അകറ്റുകയും തന്റെ അവരോഹണത്തിന് വഴിയൊരുക്കുകയുമായിരുന്നു നിതീഷ്. കൂടാതെ, ജനത പാര്‍ട്ടികളുടെ ഏകോപനവും മോദിയുടെ നേതൃതത്തിലുള്ള സര്‍ക്കാറിനും ബി ജെ പിക്കും വെല്ലുവിളിയുയര്‍ത്തി, വലിയൊരു രാഷ്ട്രീയ വിപ്ലവത്തിന് നാന്ദിയാകുമെന്ന പ്രചരണവും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പാത സുഗമമാക്കി. ജനത പാര്‍ട്ടികളുടെ ഏകോപനമെന്ന ആശയം തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം വിപ്ലവചുവടാണ്. അധികാരപ്രമത്തത, വല്യേട്ടന്‍ ഭാവം, സ്വയം പൂജിതനായി അറിയപ്പെടല്‍ തുടങ്ങിയവ കാരണം ഇവയുടെ ഏകോപനം മരീചികയായി തുടരുകയായിരന്നു. സ്വന്തം ഇടങ്ങളില്‍ രാജാക്കന്‍മാരായെങ്കിലും അതിര്‍ത്തികള്‍ ഭേദിക്കാന്‍ ഇവക്ക് പലപ്പോഴുമായില്ല. അഴിമതിയും പിടിപ്പുകേടും മര്‍ക്കടമുഷ്ടിയും കാരണം സ്വയം തീര്‍ത്ത ഭൂപടങ്ങളില്‍ നിന്ന് തന്നെ മാഞ്ഞുപോകാന്‍ തുടങ്ങിയപ്പോഴാണ് ജനതാ നേതാക്കള്‍ ഉണരുന്നത്. ഇങ്ങനെ തുടര്‍ന്നാല്‍ രാഷ്ട്രീയ ഭൂപടത്തില്‍ തങ്ങളുടെ സ്ഥാനം കാണാന്‍ ഹൈടെക് ടെലിസ്‌കോപ്പ് വേണമെന്ന അവസ്ഥയെത്തിയപ്പോള്‍ ഐക്യമായി, ഏകോപനമായി, അടുത്തുതന്നെ ലയനമെന്ന സ്ഥിതി വരെയെത്തി. (രാഷ്ട്രീയത്തിനപ്പുറത്ത് ബന്ധുത്വത്തിലേക്ക് വരെ അതെത്തിയിരിക്കുന്നു. ലാലു പ്രസാദും മുലായം സിംഗുമാണ് ബന്ധുക്കളായത്. ലാലുവിന്റെ ഇളയമകളെ മുലായമിന്റെ ഇളയ അന്തരവന്‍ വിവാഹം ചെയ്തിരിക്കുന്നു). എന്നാല്‍ ലയനം എപ്പോള്‍ സംഭവിക്കുമെന്ന് നോക്കിയിരിക്കണം.
ദേശീയ തലത്തില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന സംഘത്തിലെ പ്രധാനിക്ക് തറവാട് നഷ്ടപ്പെടുന്ന അവസ്ഥ സംജാതമായപ്പോഴാണ് നിതീഷ് കുമാര്‍ സംസ്ഥാന മുഖ്യനിലേക്ക് ചുരുങ്ങാനും അതിലൂടെ ദേശീയ വളര്‍ച്ച കൈവരിക്കാനും സന്നദ്ധനായത്. ഒതുങ്ങിയൊതുങ്ങി വളരുക. രാഷ്ട്രീയ മേഖലയിലെ ഇത്തരം നീക്കങ്ങള്‍ കരിക്കുലത്തിന്റെ ഭാഗമാക്കാവുന്നതാണ്. മാഞ്ജിയെ മാറ്റാന്‍ തുടക്കത്തില്‍ ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന് സമ്മതമുണ്ടായിരുന്നില്ല എന്നാണ് വാര്‍ത്തകള്‍ നേരെചൊവ്വെ പറയുന്നത്. അതൊരു വിഭാഗത്തിന്റെ അനിഷ്ടത്തിന്റെ തോത് കുറച്ചുകൊണ്ടുവരാനുള്ള തന്ത്രപരമായ നീക്കമാണെന്നാണ് ദോഷൈകദൃക്കുകളുടെ പക്ഷം. ആരെയും പിണക്കാതെ എന്നാല്‍ ഫലത്തില്‍ ദയാവധം നടപ്പാക്കുന്ന സ്ട്രാറ്റജി. മത-ജാതി സമവാക്യങ്ങളാണ് ബീഹാറില്‍ യഥാര്‍ഥ രാജാക്കന്‍മാര്‍. അതിന്റെ അടിസ്ഥാനത്തിലാണ് അവിടെ ഭരണക്കാര്‍ വാഴുന്നതും വീഴുന്നതും. 16 ശതമാനമുള്ള മുസ്‌ലിംകളിലും 27.4 ശതമാനമുള്ള മറ്റ് ദളിത് വിഭാഗങ്ങളിലുമാണ് ജെ ഡി യുവിന്റെയും ആര്‍ ജെ ഡിയുടെയും കണ്ണ്. ലാലുവിന്റെ പ്രതാപകാലത്തിന് തിരശ്ശീലയിട്ട് ബി ജെ പിയെ കൂട്ടുപിടിച്ച് അധികാരം പിടിച്ചെടുക്കാന്‍ പക്ഷേ, ജെ ഡി യുവിന് മേല്‍ജാതിക്കാരുടെ സഹായവും ലഭിച്ചിട്ടുണ്ട്. സഖ്യകക്ഷി ഭരണത്തിലൂടെ ഏറെ പരുക്കില്ലാതെ മുന്നോട്ടുപോയെങ്കിലും ബി ജെ പിയുടെ അക്കാലത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ബീഹാറിനെ കുറിച്ചുള്ള ആക്ഷേപവും പരിഹാസവും അവികസിത സംസ്ഥാനമെന്ന ഒളിയമ്പുമെല്ലാം ആ ബന്ധം വഷളാകുന്നതിന്റെ സൂചകങ്ങളായിരുന്നു. അല്ലെങ്കില്‍ ഒറ്റക്ക് ഭരിക്കാമെന്ന ലക്ഷ്യത്തോടെ ജെ ഡി യുവിനെ പിണക്കി പുകച്ചുചാടക്കാനുള്ള മോദിയുടെ തന്ത്രമോ? ഏതായാലും 2013ല്‍ ഗോവയില്‍ നടന്ന ബി ജെ പിയുടെ ദേശീയ നിര്‍വാഹക സമിതി യോഗം നരേന്ദ്ര മോദിയെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഏല്‍പ്പിക്കുകയും തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തതോടെ എല്ല ബാന്ധവങ്ങളും ഉപേക്ഷിച്ച് എന്‍ ഡി എ കൂടാരത്തില്‍ നിന്ന് ജെ ഡി യു സ്വാതന്ത്ര്യം നേടി. 2012ലെ ഗുജറാത്ത് വംശഹത്യാ കാലത്തെ പാപക്കറ പുരണ്ട കരങ്ങള്‍ ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്നത് ഒരു തരത്തിലും തങ്ങള്‍ അംഗീകരിക്കില്ലെന്ന് മുസ്‌ലിം വിഭാഗത്തിന്റെ മഷി പുരണ്ട വിരല്‍ മനസ്സില്‍ കണ്ട് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു.
ഇതിന് ശേഷവും വലിയ രാഷ്ട്രീയ ചുഴലിക്കാറ്റുകള്‍ക്ക് ബീഹാര്‍ സാക്ഷിയായി. യാദവ കുലത്തിന്റെ സ്വയം പ്രഖ്യാപിത അമരക്കാരന്‍ ലാലുപ്രസാദ് യാദവിനെ കാലിത്തീറ്റ കുംഭകോണത്തില്‍ ശിക്ഷിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ തിരിച്ചടിയായി. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യത കല്‍പ്പിക്കുന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നതാണ് കാരണം. അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട ലാലുവിന്റെ ലോക്‌സഭാംഗത്വം അതോടെ റദ്ദായി. വിളിപ്പാടകലെയുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡിയുടെ നേരിയ സാധ്യതകള്‍ അതോടെ വീണുടഞ്ഞു. വന്‍ മാധ്യമ പിന്തുണയോടെയും കോടികള്‍ പൊടിപൊടിച്ചും നടത്തിയ പ്രചാരണ മാമാങ്കത്തിന്റെ അകമ്പടിയോടെയും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട നരേന്ദ്ര മോദിയുടെ സ്വയംപ്രഖ്യാപിത പ്രഭാവത്തില്‍ മയങ്ങി ബി ജെ പി ബീഹാറിനെ തൂത്തുവാരി. പ്രധാന കക്ഷികളായ ജെ ഡിയുവും ആര്‍ ജെ ഡിയും മറ്റും നിലംപരിശായി. ഇവരെല്ലാം ഒറ്റക്ക് മത്സരിച്ച് വോട്ടുകള്‍ ഛിന്നഭിന്നമായതോടെ ബി ജെ പിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. സവര്‍ണ ജാതിക്കാരുടെ പിന്‍ബലത്തിലാണ് ബി ജെ പി കൂടുതല്‍ വോട്ട് നേടിയത്.
സ്വാതന്ത്ര്യം നേടി വര്‍ഷം ഏഴുപതാകാറായിട്ടും അതൊന്നും അറിഞ്ഞ മട്ടല്ല ബീഹാറിലെ ജാതിക്കോമരങ്ങള്‍ക്ക്. 16.1 ശതമാനമുള്ള ഉയര്‍ന്ന ജാതിക്കാരില്‍ എണ്ണത്തില്‍ കൂടുതലുള്ള (13.3 ശതമാനം) ഭൂമിഹാര്‍ അവിടെ സമാന്തര ഭരണം നടത്തുകയാണ്. രണ്‍വീര്‍ സേന എന്ന സ്വകാര്യ സായുധ സംഘത്തെ വെച്ച് സംസ്ഥാനത്തിന്റെ മധ്യ, ദക്ഷിണ ഭാഗങ്ങളില്‍ ചോരപ്പുഴ ഒഴുക്കാറുണ്ട് പലപ്പോഴും രണ്‍വീര്‍ സേന. 90കളില്‍ രൂപവത്കരിക്കപ്പെട്ട സേന, ഔദ്യോഗിക എതിര്‍പ്പുകളൊന്നുമില്ലാതെ വര്‍ഷങ്ങളായി സൈ്വരവിഹാരം നടത്തുകയാണ്. പ്രമാദ കേസുകളായ ബതാനി ടോല, ലക്ഷ്ണ്‍പൂര്‍ ബാതെ, ശങ്കര്‍ബിഗ കേസുകളടക്കം നാല്‍പ്പതിലേറെ കൂട്ടക്കൊലകളില്‍ സേനയുടെ പങ്ക് വ്യക്തമായതാണ്. നൂറിലേറെ ദളിതരെയും മുസ്‌ലിംകളെയുമാണ് ഇവര്‍ കശാപ്പ് ചെയ്തത്. വെറുതെ ആള്‍ക്കാരെ കൊല്ലുകയല്ല. ഫറവോയുടെ കാലത്തെന്ന പോലെ സ്ത്രീകളും കുട്ടികളുമാണ് ഇവരുടെ യഥാര്‍ഥ ഉന്നം. 2012 ഏപ്രിലില്‍ ബതാനി ടോല കൂട്ടക്കൊല കേസില്‍ അറസ്റ്റിലായ 23 പേരെയും കോടതി വെറുതെ വിടുകയായിരുന്നു. ലക്ഷ്മണ്‍പൂര്‍ ബാതെ ഗ്രാമത്തില്‍ 16 വര്‍ഷം മുമ്പ് 58 ദളിതുകളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ 2014 ഒക്‌ടോബര്‍ പത്തിന് അറസ്റ്റിലായ 26 രണ്‍വീര്‍ സേനക്കാരെയും വെറുതെ വിടുകയായിരുന്നു പാറ്റ്‌ന ഹൈക്കോടതി. ഇവര്‍ക്കെതിരെ സാക്ഷി പറയാന്‍ ആരും തയ്യാറാകുകയോ തെളിവ് ശേഖരിക്കാന്‍ പോലീസ് സന്നദ്ധമാകുകയോ ഇല്ല. ഇത്തരത്തില്‍ സമാന്തര ഭരണം നടത്തുന്ന രണ്‍വീര്‍ സേനക്കെതിരെ ചെറുവിരലനക്കാന്‍ ഒരിക്കലും മാറിമാറിവരുന്ന സര്‍ക്കാറുകള്‍ ധൈര്യപ്പെടാറില്ല. ധൈര്യപ്പെട്ടിട്ടും കാര്യമില്ല.
ഈ വര്‍ഷം അവസാനം ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ജനതാ പാര്‍ട്ടികളുടെ ഐക്യം ബീഹാറിനെ സംബന്ധിച്ചിടത്തോളം വലിയ സാധ്യതയാണ് നിതീഷ് കുമാറിനും ലാലുപ്രസാദ് യാദവിനും തുറന്നുനല്‍കുന്നത്. ജനതാ പാര്‍ട്ടി നേതാക്കളുടെ തന്‍പോരിമയെന്ന വര്‍ഗസ്വഭാവം ഉപേക്ഷിക്കണം. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കണം പ്രവര്‍ത്തനം. അധികാരം എന്ന ലക്ഷ്യത്തില്‍ കവിഞ്ഞ് മതേതരത്വത്തിന്റെ സംരക്ഷണത്തിനായിരിക്കണം തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങേണ്ടത്. നിതീഷ് കുമാറിന്റെ ‘നെറികേടുകള്‍’ വെളിപ്പെടുത്താന്‍ വേണ്ടി മാത്രം പുതിയ പാര്‍ട്ടി രൂപവത്കരിച്ച് ബി ജെ പിക്ക് വിടുവേല ചെയ്യുന്ന ജിതിന്‍ റാം മാഞ്ജി ഒരിക്കലും ഇരുവര്‍ക്കും വെല്ലുവിളിയാകില്ല. വോട്ടുകള്‍ ചിതറാതെ പൊതുശത്രുവായ ബി ജെ പിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഇരുവര്‍ക്കും സാധിക്കും. വിശേഷിച്ചും, മോദി സര്‍ക്കാറിന്റെ ഹണിമൂണ്‍ ആഘോഷം കഴിഞ്ഞ്, ഭരണത്തിന്റെ നഗ്നയാഥാര്‍ഥ്യങ്ങളിലേക്ക് എത്തിയ അവസരത്തില്‍. പുതുസര്‍ക്കാറിന്റെ മായാവിലാസങ്ങളില്‍ പൗരന്‍മാര്‍ അഭിരമിച്ച അവസ്ഥ അവസാനിച്ചിരിക്കുന്നു. വാചാടോപങ്ങള്‍ക്ക് ഇനി സ്ഥാനമില്ല. പ്രവൃത്തിയാണ് ജനങ്ങള്‍ നിരീക്ഷിക്കുന്നത്. കൃത്രിമ ദേശസ്‌നേഹം കുത്തിവെച്ച് കോര്‍പറേറ്റുകളെ സന്തോഷിപ്പിക്കുന്ന അടവ് ഇനി വിലപ്പോകില്ല. വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങളായി നിലകൊള്ളുന്ന കാലത്തോളം ജനങ്ങളുടെ മനസ്സ് മാറുമെന്നും പ്രതീക്ഷിക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രം വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും ഇളവുകളും വരുത്തുന്ന ഭരണസംവിധാനത്തെ ജനങ്ങള്‍ വെറുത്തിരിക്കുന്നു. തലമുറ മാറിയിരിക്കുന്നു. അത് മോദിയെ പോലെ എല്ലാ ഭരണകര്‍ത്താക്കളും മനസ്സിലാക്കേണ്ടതാണ്. പൗരന്‍മാര്‍ പണ്ടത്തെ പൗരന്‍മാരല്ലെന്നും അവരെ എക്കാലവും മൗഢ്യന്‍മാരാക്കാമെന്നും കരുതി തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. അല്ലാത്തവര്‍ക്ക്, തോല്‍ക്കുന്നതിന്റെ അവസാന നിമിഷം വരെ ജയിക്കുമെന്ന ആത്മവിശ്വാസവുമായി കഴിഞ്ഞൂകൂടാം. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അതിന്റെ ഉത്തമ തെളിവാണ്.